പത്തനംതിട്ട: ഓണക്കാലമായതോടെ പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോളും അതു തടയാന്‍ സര്‍ക്കാര്‍ ഇടപെടലുകളില്ല. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സപ്ലൈകോയുടെ ഓണം-ബക്രീദ് മാര്‍ക്കറ്റുകള്‍ തുറന്നാല്‍ മതിയെന്ന തീരുമാനം നിലവിലുള്ള സാഹചര്യത്തില്‍ വിപണിവില പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തല്‍. ഈവര്‍ഷം ജിഎസ്ടിയുടെ പേരിലാണ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ അരിവില കൂടില്ലെന്ന് മൊത്തവ്യാപാരികള്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും പായ്ക്കറ്റിലെ അരിക്ക് കിലോഗ്രാമിന് രണ്ടുരൂപ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. നല്ല ഇനം അരിക്ക് നേരത്തെ 48 രൂപയാണ് വിലയുണ്ടായിരുന്നതെങ്കില്‍ ഇന്ന് കിലോഗ്രാമിന് 50 രൂപയാണ് വില. സ്വകാര്യ വിപണിയില്‍ അരിവില വര്‍ധിക്കുന്നതിനു മുമ്പുതന്നെ സപ്ലെകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും വില വര്‍ധിപ്പിച്ചിരുന്നു. സപ്ലെകോ മാര്‍ക്കറ്റുകളില്‍ അരി വില കൂട്ടില്ലെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പും പാതിക്കാതെയാണ് അധികൃതര്‍ വില വര്‍ധിപ്പിച്ചത്. സബ്സിഡി അരിക്കു പുറമെ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന മാവേലി സ്റ്റോറിലെ കുത്തരിക്കും വെള്ള അരിക്കും കിലോഗ്രാമിന് ആറുരൂപ വരെയാണ് വില ഉയര്‍ത്തിയത്. ഇതിനു പുറമെ സപ്ലെകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാകട്ടെ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍ പലതും ലഭ്യമല്ല. ഏത്തക്കായ് ഉപ്പേരിക്ക് ഓണം നാളുകളില്‍ വന്‍വില നല്‍കേണ്ടിവരും. കിലോഗ്രാമിന് 70 മുതല്‍ 80 രൂപ വരെ ഇപ്പോള്‍ വിലയുള്ള ഏത്തക്കായ ഓണത്തിന് 100 രൂപ വരെയെത്തുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. വെളിച്ചെണ്ണയുടെ വില ഒരു കിലോയ്ക്ക് 180 രൂപ മുതല്‍ 190 വരെയാണ്. ഗ്രാമങ്ങളിലെ ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ വില 190 രൂപകവിഞ്ഞു. വെളിച്ചെണ്ണയുടെയും ഏത്തക്കായുടെയും വില കൂടിയതിനാല്‍ ഒരു കിലോ ഉപ്പേരിക്ക് 500 രൂപയാണ് ഇപ്പോഴത്തെ വില. വെളിച്ചെണ്ണ വില ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഉപ്പേരിയുടെയും വില കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണവിപണിയെ മുന്‍നിര്‍ത്തി ഉപ്പേരികളും മറ്റും തയ്യാറാക്കുന്ന സ്വാശ്രയ വനിത സംഘങ്ങളെയാണ് വില വര്‍ദ്ധനവ് ഏറെ ബാധിച്ചിരിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന ഉപ്പേരി കിലോയ്ക്ക് 500 രൂപയ്ക്ക് കൊടുത്താല്‍ പോലും ലാഭമുണ്ടാകുകയില്ലെന്ന് ഇവര്‍ പറയുന്നു.യാതൊരുനിയന്ത്രണവും ഇല്ലാതെ പച്ചക്കറിയുടെ വിലയും കുതിക്കുകയാണ്. വ്യാപാരികള്‍ക്ക് തോന്നിയ രീതിയിലാണ് വിലകള്‍ നിശ്ചയിക്കുന്നത്.ഓണക്കാലത്തിനു മുന്നോടിയായി വില കുതിച്ചുയരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലുകളും പരിശോധനകളും വിപണികളില്‍ ഉണ്ടായിട്ടില്ല. അരിയുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഴയ വില പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: