പറവൂര്‍: നിക്ഷേപകരുടെ പണവുമായി ചിട്ടി സ്ഥാപന ഉടമ മുങ്ങി. പറവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തത്ത്വമസി ചിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് എന്ന ചിട്ടി സ്ഥാപനമാണ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് പൂട്ടിയത്. വൈപ്പിന്‍ മുനമ്പം പള്ളിപ്പുറം സ്വദേശി തൈക്കൂടത്തില്‍ കിഷോറാണ് കുടുംബസമേതം മുങ്ങിയത്.
പൊതു ജനങ്ങളില്‍ നിന്നും മുപ്പത് കോടി ‘രൂപയോളം പിരിച്ചെടുത്തതായിട്ടാണ് പ്രാഥമിക നിഗമനം. ചിട്ടി വട്ടമെത്തിയവര്ക്ക് മാസങ്ങള്‍ക്ക് ശേഷവും പണം നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 21 പേരാണ് നിലവില്‍ പരാതിയുമായി പറവൂര്‍ പോലിസിനെ സമീപിച്ചത്.
തത്ത്വമസി ചിട്ടികമ്പനിയുടെ ആലുവ ബ്രാഞ്ച് നിക്ഷേപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയിരുന്നു. വിവരം പുറത്തുവന്നതോടെ കൂടുതല്‍ പേര് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നുണ്ട്. 1995-ല്‍ ചെറായി കേന്ദ്രമായി ജമ്മു കാശ്മീര്‍ രജിസ്ട്രേഷനുമായി ചിട്ടി കമ്പനി ആരംഭിക്കുന്നത്. പിന്നീട് ആസ്ഥാനം പറവൂര്‍ കെ എം കെ ജംഗ്ഷനിലെ ആര് കെ ജി ബില്‍ഡിംഗിലേക്ക് മാറ്റുകയായിരുന്നു.
വിവിധ ജില്ലകളിലായി ഇരുപത്തി ഒന്നോളം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ഷന്‍ ഏജന്ററുമാര് പറയുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ വട്ടമെത്തിയ ചിട്ടി പണം നല്കാന് കഴിയാത്ത സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രതിഷേധവുമായി നിക്ഷേപകര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആഗസ്റ്റ് 25ന് പണം നല്‍കാമെന്ന വാഗ്ദാനം നല്കി നിക്ഷേപകരെ തിരിച്ചയക്കുകയായിരുന്നു. ഇതിനിടെ ചിട്ടി കമ്പനിയുടെ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുന്നതായ വിവരം അറിഞ്ഞതോടെ നിക്ഷേപകര്‍ പറവൂരിലെ ഹെഡ് ഓഫീസിലെത്തി. ഓഫീസ് അടച്ചു പൂട്ടിയ നിലയില്‍ കണ്ടതോടെ ആളുകള്‍ സ്ഥാപന ഉടമയുടെ പള്ളിപ്പുറത്തുള്ള വസതിയിലെത്തി. എന്നാല്‍, ഈ വീടും പൂട്ടിയിരിക്കുകയാണ്. തുടര്‍ന്ന് നിക്ഷേപകര്‍ പറവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചിറ്റാളന്മാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും ചിട്ടി കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറവൂര്‍ എസ് ഐ ടി.വി. ഷിബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: