കാക്കനാട്: മത്സര ഓട്ടം ഏറുന്ന കൊച്ചി നഗരത്തില്‍ അവയെ രഹസ്യമായി നിരീക്ഷിക്കാന്‍ സംവിധാനം ഒരുങ്ങുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളിലും റോഡിലേക്ക് കണ്ണ് തുറക്കാന്‍ രഹസ്യ കാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പനമ്പിള്ളി നഗറിലായിരിക്കും നടപ്പാക്കുക.
എന്നാല്‍ എവിടെയാണ് കാമറയുള്ളതെന്നും റോഡിന്റെ ഏതു വശത്തേക്കാണ് തിരിച്ചു വെക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. വിവിധ ദിശകളില്‍ സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒളികാമറകള്‍ക്ക് സാധിക്കും. നൈറ്റ് വിഷന്‍ സംവിധാനമുള്ളതിനാല്‍ രാത്രികാലത്തും ഉപയോഗിക്കാം.
പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം സ്ഥാപിക്കുന്ന ആദ്യ ഒളികാമറ വിജയമാണെന്നു കണ്ടെത്തിയാല്‍ നഗരത്തിലെ മറ്റുപല ഇടങ്ങളില്‍ ഇതേ രീതിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. എന്നാല്‍ പൂര്‍ണ്ണമായും ഈ സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണു അധികൃതരുടെ തീരുമാനം.
ഒളികാമറകള്‍ സ്ഥാപിക്കേണ്ട ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അനുമതിക്കായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. സൂപ്പര്‍ ബൈക്കുകളുടെ മത്സരഓട്ടം നഗരത്തില്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലൊന്നാണു പനമ്പിള്ളി നഗര്‍. അതിനാലാണു ആദ്യം പനമ്പിള്ളി നഗറില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് പനമ്പിള്ളി നഗറില്‍ സൂപ്പര്‍ബൈക്കുകളുടെ മത്സരയോട്ടത്തില് ഒരു ജീവന് പൊലിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സൂപ്പര്‍ ബൈക്കുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കിയത്. രാത്രി സമയങ്ങളില്‍ 1000 സിസിക്ക് മേലുള്ള ബൈക്കുകളുമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം റേസിങ്ങ് സംഘങ്ങള്‍ സജീവമായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയപ്പോഴാണ് സൂപ്പര്‍ മത്സര ഓട്ടത്തിന് അല്പമെങ്കിലും ശമനം വന്നത്. ഇത്തരക്കാരെ ഇനി ഓളി കാമറകള്‍ ഉപയോഗിച്ച് ഇവരുടെ അമിതവേഗം നിരീക്ഷിച്ച് നടപടിയെടുക്കാനാണു തീരുമാനം.
ദേശീയപാതയില്‍ ഗോള്‍ഡ് സൂക്ക് മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗം, ചാത്യാത്ത് റോഡ്, ഗോശ്രീ വല്ലാര്‍പാടം, കടവന്ത്ര ഗാന്ധിനഗര്‍, ഇന്‍ഫോപാര്‍ക്ക് പരിസരം, ബ്രഹ്മപുരം പാലത്തിന് സമീപം, കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പിന്‍വശം എന്നിവിടങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനങ്ങള്‍ ഒരിടക്ക് സ്ഥിരം കാഴ്ചയായിരുന്നു.
ഇതിനെതിരെ അതത് സ്ഥലങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഗതാഗത നിരീക്ഷണത്തിനു പുറമെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കാമറകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. കെല്‍ട്രോണിനാണ് കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: