മീനങ്ങാടി : കാറ്റില്‍ ചാഞ്ചാടി ഏത് സമയവും നിലംപൊത്താവുന്ന കൂരയ്ക്ക് മീനങ്ങാടി പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്. പഞ്ചായത്തിലെ ഏഴാംവാര്‍ഡ് റാട്ടക്കുണ്ട് അറയ്ക്കല്‍ മറിയാമ്മയ്ക്കാണ് 673 രൂപയുടെ ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
പ്ലാസ്റ്റിക് കൊണ്ട് മറിച്ച്, പ്ലാസ്റ്റിക് മേല്‍ക്കൂരയിലുള്ള ഒറ്റമുറിയിലാണ് ഇവരുടെ താമസം. വല്ലപ്പോഴും കൂലിപ്പണിക്കുപോകുന്ന ഭര്‍ത്താവ് വര്‍ഗീസും രണ്ട് ആണ്‍കുട്ടികളുമാണ് ഒറ്റമുറിയില്‍ അന്തിയുറങ്ങുന്നത്. കാറ്റും മഴയുമുണ്ടായാല്‍ ഭീതിയോടെയാണ് ഇവരുടെ താമസം. പലപ്പോഴും കാറ്റടിച്ച് മേല്‍ക്കൂര മാറി വെള്ളം വീട്ടിനകത്തേക്ക് കയറിയിട്ടുണ്ട്.
വാസയോഗ്യമായ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്തിലും അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ക്ക് വീടൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ തൊട്ടടുത്ത് വീടുള്ളവര്ക്കുതന്നെ വീണ്ടും പഞ്ചായത്ത് വീട് അനുവദിച്ചിട്ടുമുണ്ട്. മീനങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേരളാ പഞ്ചായത്ത് രാജ് നികുതി നിര്‍ണ്ണയം ഈടാക്കലും ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 527എ നമ്പറിട്ട ഇവരുടെ വീടിനാണ് നികുതി ഈടാക്കിയിരിക്കുന്നത്. 638 രൂപ നികുതി, 25 രൂപ നോട്ടീസ് ഫീസ്, പത്ത് രൂപ നോട്ടീസ് നടത്തുന്നതിനുള്ള ചിലവ് എന്നിങ്ങനെയാണ് 673. നോട്ടീസ് കിട്ടി 15 ദിവസത്തിനകം പണമടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികകളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്. ജപ്തി പ്രായോഗികമല്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്ന മുന്നറിയിപ്പും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: