മണ്ണാര്‍ക്കാട്:വ്യാജ വിവാഹത്തിലൂടെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍കൂടി പിടിയില്‍. കൊടുക് മടിക്കേരി ഗാര്‍മെന്റ് സ്കൂള്‍ റോഡ് മുത്തപ്പ ടെമ്പിളിനു സമീപം ഫാത്തിമ മന്‍സിലില്‍ അബ്ദുറഹ്മാന് (48), മഞ്ചേരി പട്ടരുകുളം കരുവാരങ്ങാടി മുഹമ്മദ് യൂനസ് (47) എന്നിവരെയാണ് നാട്ടുകല്‍ എസ്ഐയും സംഘവും അറസ്റ്റ് ചെയ്തത്.
എടത്തനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ നാലു പേര് അറസ്റ്റിലായിട്ടുണ്ട്. 2016 ഓഗസ്റ്റ് 14നും സെപ്തംബര്‍ 28നും ഇടയ്ക്കാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന പരാതിക്കാരന് മൈസൂരില്‍ നിന്ന് യുവതിയെ വിവാഹം ചെയ്തു. ഇടനിലക്കാരുടെ നിര്‍ദേശപ്രകാരം വിവാഹം രഹസ്യമായാണ് നടത്തിയത്. യുവതിക്ക് മഹ്റായി പത്ത് പവന് നല്കി.
യുവതിക്ക് വിദേശത്ത് ഉള്‍പ്പടെ വന്‍ ആസ്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ആറ് പവന് മഹറും യുവതിക്കും ബന്ധുക്കളായി എത്തിയവര്‍ക്കും വസ്ത്രങ്ങളും ഉള്‍പ്പടെ നാല് ലക്ഷം രൂപ ചിലവഴിച്ചു. വിവാഹവും കാര്‍മ്മികനും, ബന്ധുക്കളും റജിസ്റ്ററും എല്ലാ വ്യാജമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസം യുവതിക്കൊപ്പം താമസിച്ച പരാതിക്കാരന് നാട്ടില്‍ വന്ന് വീണ്ടും മൈസൂരിലെത്തിയതോടെയാണ് വിവാഹത്തിന്റെ മറവില്‍ താന്‍ കബളിപ്പിക്കപ്പെട്ടതറിയുന്നത്. യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും ഒരു കോടി രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ 25 ലക്ഷം രൂപ നല്കാന് പരാതിക്കാരന് സമ്മതിച്ചു.
പണം തരാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഈ വിവരം നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. പരാതിക്കാരന് നാട്ടിലെത്തിയാലുടന്‍ പണം നല്‍കാമെന്ന് സുഹൃത്ത് ഫോണിലൂടെ സമ്മതിച്ചു. ഇതനുസരിച്ച് സംഘത്തിലെ വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ണാര്‍ക്കാട്ടെത്തി. ഈ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ പിടിയിലായത്.
സംഘത്തിലെ മറ്റുള്ളര്‍ പിടിയിലായതറിഞ്ഞ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മടുക്കയിലെ രഹസ്യ കേന്ദ്രത്തില്‍ ഇവരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ യുവതി ഉള്‍പ്പടെ ആറ് പേരെ ഇനിയും പിടികൂടാനുണ്ട്. സംഘത്തിന് കര്‍ണ്ണാടകയില്‍ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: