പൊന്നാനി: എംഇഎസ് പൊന്നാനി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷര്‍മെന്‍ സ്കോളര്‍ഷിപ്പ് വൈകുന്നത് പരിഹരിക്കുമെന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ എന്നിവര്‍ മുഖേന നല്കിയ പരാതിയും ഫലം കണ്ടില്ല. ഇതു മൂലം നിര്‍ധനരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഷ്ടതയിലാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ഫിഷറീസ് മന്ത്രി ജൂലൈയില്‍ താനൂരില്‍ വെച്ച് നടത്തിയ അദാലത്തിലാണ് സ്കോളര്‍ഷിപ്പ് വൈകുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പാള്‍ പരാതി നല്‍കിയിരുന്നത്. ഉടന്‍ പരിഹരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ ഉറപ്പ് ലംഘിക്കപ്പെട്ടു. 95 കുടുംബങ്ങള്‍ക്കുള്ള 6,71,667 രൂപയുടെ ആനുകൂല്യങ്ങളാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് മത്സ്യത്തൊഴിലാളി സ്കോളര്‍ഷിപ്പ് വൈകുന്നതിന് കാരണം. മുന്‍ വര്‍ഷങ്ങളില്‍ ഫിഷര്‍മെന്‍ ലപ്സം ഗ്രാന്റ്, സ്റ്റൈപെന്റ് എന്നിവ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടേറ്റില്‍ നിന്നും ട്യൂഷന് ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ മലപ്പുറത്തെ പട്ടികജാതി ക്ഷേമ വിഭാഗം ഓഫീസില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഇതനുസരിച്ചാണ് ഈ വര്‍ഷവും കോളേജ് അപേക്ഷ നല്‍കിയത്. എന്നാല്‍ എല്ലാ ഇനങ്ങളിലുമുള്ള ഫണ്ട് ഒറ്റത്തവണയായി ഒരിടത്തു മാത്രമേ നല്‍കൂ എന്ന ഫിഷറീസ് വകുപ്പിന്റെ സര്‍ക്കുലറാണ് കാര്യങ്ങള്‍ മന്ദഗതിയിലാക്കിയത്. വിഷയം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ കോളേജ് കൗണ്‍സില്‍ പ്രിന്സിപ്പാളെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: