പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കിനു കാരണം അശാസ്ത്രീയമായ ഗതാഗത സംവിധാനം. നഗരത്തില്‍ ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
നഗരസഭ, ജില്ലാ ഭരണകൂടം, ആര്‍ടിഒ, എംഎല്‍എ എന്നിവരാണ് ഗതാഗത പരിഷ്കരണത്തിന് മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍ ഇവരാരും തന്നെ അതിന് മുതിരുന്നില്ല. ചിലരുടെ സ്ഥാപിത താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗതം ക്രമീകരിക്കുന്നത്.
അബാന്‍ ജംങ്ഷന്, സ്റ്റേഡിയം ജംങ്ഷന് എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളാണ് പ്രധാനപ്രശ്നം. അബാന്‍ ജംങ്ഷനില്‍ കുമ്പഴ റോഡ്, റിങ് റോഡിന്റെ തുടക്കം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ തുടക്കഭാഗം എന്നിവിടങ്ങളിലാണ് അനധികൃത ബസ് സ്റ്റോപ്പുകള്‍ ഉള്ളത്.
ഇവിടെ എവിടെയെങ്കിലും ഒരു ബസ് നിര്‍ത്തിയാല്‍ അബാനിലെ ഗതാഗതം താറുമാറാകും. സ്റ്റേഡിയം ജംങ്ഷനിലാകട്ടെ കോളജ് റോഡിലെ അനധികൃത ബസ് സ്റ്റോപ്പാണ് കുഴപ്പമുണ്ടാക്കുന്നത്. ഇതൊക്കെ നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതാണെങ്കിലും ബസ് നിര്‍ത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിനോ ആര്‍ടിഒ അധികൃതര്‍ക്കോ കഴിയുന്നില്ല.
ഗതാഗതപരിഷ്കരണത്തിന് മുന്‍കൈയെടുക്കാന്‍ ആരും തയാറാകുന്നില്ല. വ്യാപാരികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
വ്യാപാരികള്‍ നിശ്ചയിക്കുന്ന ഗതാഗത ക്രമങ്ങളാണ് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ ജനപ്രതിനിധികളും പോലീസും ശ്രമിക്കുന്നില്ല. വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് ഭയന്ന് ശക്തമായ തീരുമാനം എടുക്കാന്‍ ആരും തയാറാകുന്നില്ല.
ഓണക്കാലം ആകുന്നതോടെ നഗരത്തില്‍ തിരക്കേറും. ഗതാഗതം വഴി തിരിച്ചു വിടാനുള്ള നഗരസഭയുടെ ഉപറോഡുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണ്.
സെന്റ് പീറ്റേഴ്സ് ജങ്ഷന്, സ്റ്റേഡിയം ജങ്ഷന്, താഴേ വെട്ടിപ്പുറം ജങ്ഷന് എന്നിവിടങ്ങളില്‍ വാഹനമിടിച്ചു തകര്‍ന്ന ട്രാഫിക് ഐലന്റുകള്‍ ഇതുവരെ പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതില്‍ സെന്റ് പീറ്റേഴ്സിലും സ്റ്റേഡിയത്തിന് സമീപവും ട്രാഫിക് സിഗ്നല്‍ ലൈറ്റുണ്ടെന്നെങ്കിലും ആശ്വസിക്കാം. താഴെ വെട്ടിപ്പുറമാകട്ടെ അപകടമേഖലയാണ്. ഇവിടെ സിഗ്നല്‍ ലൈറ്റുമില്ല.
സെന്റ് പീറ്റേഴ്സ് മാതൃകാ ട്രാഫിക് ജങ്ഷന് എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ട്രാഫിക് ഐലന്‍ഡാണ് ഏറ്റവും നാശാവസ്ഥയിലുള്ളത്. സ്റ്റേഡിയം ജങ്ഷനിലെ ഐലന്‍ഡ് വാഹനമിടിച്ച് തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി നന്നാക്കാന്‍ നടപടിയില്ല.
സിഗ്നല്‍ ലൈറ്റുകള്‍ പണി മുടക്കുമ്പോള്‍ മഴയും വെയിലുമേറ്റ് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് പോലീസും ഹോംഗാര്‍ഡും. ഓണത്തിന് മുന്‍പെങ്കിലും ജില്ലാ ആസ്ഥാനത്ത് ഗതാഗതം പരിഷ്കരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: