നിലമ്പൂര്‍: പി.വി.അന്‍വര്‍ എംഎല്‍എ കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ച സംഭവം സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും നിലമ്പൂരിലെ ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മൗനം തുടരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യാടന് ഷൗക്കത്തിനെതിരെ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്ത്തിച്ചുയെന്ന ആരോപണം നിലനിന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് പ്രാദേശിക നേതൃത്വത്തിന്റെ ഇപ്പോഴുത്തെ നിലപാട്. കേരളത്തിലെ വാട്ടര്‍ തീം പാര്‍ക്ക് ലോബികളും ചില യുഡിഎഫ് നേതാക്കളുമാണ് തനിക്കെതിരായ ആരോപണങ്ങള്‍ പിന്നിലെന്ന് പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു.
നിലമ്പൂരിലെ ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ ഇവരില്‍ ഉള്‍പ്പെടുന്നില്ലെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ആര്യാടനെതിരെ തുറന്നപോര് പ്രഖ്യാപിച്ച അന്‍വറിനൊപ്പം നിലമ്പൂരിലെ പ്രാദേശിക യുഡിഎഫ് നേതാക്കളും അണിനിരന്നുയെന്നതാണ് ശ്രദ്ധേയം.
വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ പരാതിക്കാരനായ മുരുകേഷ് നരേന്ദ്രനാണെന്നും ഇയാളെ സഹായിക്കുന്നത് ആര്യാടന്മാരാണെന്നുമാണ് പി.വി.അന്‍വറുടെ വാദം. മുരുകേഷ് നരേന്ദ്രന് ഉള്‍പ്പെട്ട 20 ഏക്കര്‍ വസ്തുവിന്റെ തര്‍ക്കത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചതാണ് വ്യക്തി വൈരാഗ്യത്തിന് കാരണം.
നിരന്തരം പരാതികളും ആരോപണങ്ങളും ഉന്നയിക്കുന്നതിന് ആര്യാടന് മുഹമ്മദും മകനും മുരുകേഷ് നരേന്ദ്രനെ സഹായിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതാണ് ആര്യാടന്മാര്ക്കുള്ള വിരോധത്തിന് കാരണം. മുരുകേഷ് നരേന്ദ്രന് നിലമ്പൂര്‍ മണ്ഡലത്തില്‍ വിവിധ തോട്ടങ്ങളില്‍ ഏക്കറുകണക്കിന് മിച്ചഭൂമി ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ലഭ്യമായ മിച്ചഭൂമികളുടെ വിവരം ശേഖരിക്കുമ്പോഴാണ് മിച്ചഭൂമിയുടെ വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളും മുരുകേഷ് നരേന്ദ്രന്റെ ശത്രുത വര്‍ധിക്കാന്‍ കാരണമായി.
തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന മുരുകേഷ് നരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.ചെറിയ പ്രശ്നങ്ങളുണ്ടായാല്‍ പോലും സമരവുമായി രംഗത്തെത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിന്റെ കാരണം അവിശുദ്ധകൂട്ടുകെട്ടാണെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: