കല്‍പ്പറ്റ : പശ്ചിമഘട്ട മലയ ടിവാരത്തിലെ പരിസ്ഥിതി പ്രാധാന്യമുളള 446.1156 ഏക്കര്‍ സ്വകാര്യ വനം നിക്ഷിപ്ത വനമാക്കി ഉത്തരവായി.
വൈത്തിരി താലൂക്കില്‍ മൂപ്പൈനാട്, കോട്ടപ്പടി വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന പോഡാര്‍ പ്ലാന്റേഷന്റെ കൈവശമുളള 170.35 ഏക്കര്‍ (68.9416 ഹെക്ടര്‍), വെളളരിമല വില്ലേജിലെ ട്രാന്സേഷ്യന് ഷിപ്പിംങ്ങ് സര്‍വ്വീസ് ലിമിറ്റഡ് (ഡംഡം എസ്റ്റേറ്റ്)3 കൈവശം വച്ച് വന്നിരുന്ന 59.7 ഏക്കര്‍ (24.18 ഹെക്ടര്‍) ബത്തേരി താലൂക്ക് ഇരുളം വില്ലേജിലെ പാമ്പ്ര കോഫീ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 216 ഏക്കര്‍ (87.4214 ഹെക്ടര്‍) അടക്കം 446.1156 ഏക്കര്‍ സ്വകാര്യ വനഭൂമി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവായത്.
2012ല്‍ അന്നത്തെ സൗത്ത്വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന പി.ധനേഷ്കുമാര്‍ എസ്റ്റേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി സംബന്ധിച്ച് ഗവണ്മെന്റിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടികലക്ടര്‍(എല്‍,ആര്), ഡെപ്യൂട്ടിഡയറക്ടര്‍ ഓഫ് സര്‍വ്വെ, അസിസ്റ്റന്റ് ഡയറക്ടര്‍(വനം മിനി സര്‍വ്വെ), ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) എന്നിവരെ ഉള്‍പ്പെടുത്തി ഒരു മള്ട്ടിഡിപ്പാര്മെന്റ് ടീം രൂപീകരിച്ചു. പിന്നീട് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ്ഓഫീസര്‍ അബ്ദുള്‍ അസീസിന്റെ മേല്‍ നോട്ടത്തില്‍ ജില്ലാസര്വ്വെ സുപ്രണ്ട് സുനിലിന്റെ നേതൃത്വത്തിലുളള സര്‍വ്വെ ടീം ത്വരിത ഗതിയില്‍ ഇതിന്റെ സര്‍വ്വെ ജോലികള്‍ പൂര്ത്തീയാക്കുകയുമായിരുന്നു.
വന്‍കിട എസ്റ്റേറ്റുകള്‍ വളരെ കാലമായി കയ്യടക്കി വെച്ചിരുന്ന സ്വകാര്യ വനഭൂമിയാണ് ഇപ്പോള്‍ നിക്ഷിപ്ത വനമായി നോട്ടിഫൈ ചെയ്തിട്ടുളളത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ .ഇ.പ്രദീപ്കുമാര്‍ നിക്ഷിപ്ത വനം കസ്റ്റോഡിയന്‍ ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനമാണ് ചുരുങ്ങിയ സമയത്തിനുളളില്‍ ഇത്രയധികം സ്വകാര്യ വനഭൂമി നിക്ഷിപ്ത വനമാക്കി വിജ്ഞാപനം ചെയ്യാന്‍ ഇടയാക്കിയത്.
മറ്റ് പല ജോലികള്‍ക്കും സര്‍വ്വേയര്‍മാരുടെ അഭാവം നേരിടുന്ന ഘട്ടത്തിലും അടിയന്തിര പ്രധാന്യമുളള ഈ ജോലിക്കായി സര്‍വ്വെയര്‍മാരെ നിയോഗിച്ച് കൊണ്ട് സര്‍വ്വെ ഡയറക്ടറുടെ ഭാഗത്ത് നിന്നും അനകൂല നിലപാട് ഉണ്ടായതും നോട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമായി. സര്‍വ്വെ ജോലിക്കായി വനം വകുപ്പില്‍ നിന്നും സര്‍വ്വെ ട്രെയിനിംങ്ങ് പൂര്‍ത്തിയാക്കിയവരുടെ സേവനവും ഉപയോഗപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: