നിലമ്പൂര്‍: പരിസ്ഥിതിലോല പ്രദേശമായ വെണ്ടേക്കുംപൊയിലില്‍ അനധികൃതമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കും. എടവണ്ണ റെയിഞ്ചിലെ വെണ്ടേക്കുംപൊയില്‍ 14-ാം ബ്ലോക്കില്‍ സ്വകാര്യസ്ഥലത്താണ് വനംമേഖലക്ക് ഭീഷണിയാകുന്ന തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച് വനം വകുപ്പിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡിഎഫ്ഒ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിവിഷനിലേക്ക് നല്‍കിയിട്ടുണ്ട്.
33.9 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലം അരീക്കോട് സ്വദേശിയുടേതാണ്. സ്ഥലത്തിന്റെ കിഴക്ക് മൂവായിരം മലവാരവും തെക്ക് നെടുഞ്ചേരി മലവാരവും പടിഞ്ഞാറ് സ്വകാര്യ ഭൂമിയുമാണ്. ഇവിടെ ഭൂമിയുടെ ഘടന മാറ്റിമറിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. പ്രദേശത്ത് മുമ്പ് പാറപൊട്ടിക്കലുമുണ്ടായിരുന്നു. എന്നാല്‍ അത് വനംവകുപ്പ് ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ നിന്ന് വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ നടക്കുന്ന ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിസ്ഥിതിയേയും വനപ്രദേശത്തിനേയും ബാധിക്കുമെന്നതിനാലാണ് വനം വകുപ്പ് എതിര്‍ക്കുന്നത്. മാത്രമല്ല, പരിസ്ഥിതലോലമേഖലയില് നിയന്ത്രണമില്ലാതെ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അത് ഭാവിയില്‍ വന്‍തോതിലുള്ള മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും ഇടയായേക്കുമെന്ന ഭീതിയുമുണ്ട്.
ഈ പ്രത്യേക സാഹചര്യത്തിലാണ് നിര്‍മ്മാണം നിര്ത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനൊരുങ്ങുന്നത്. അതിന് പുറമെ ജിയോളജി വകുപ്പിനും റവന്യുവകുപ്പിനും നിലവിലെ വസ്തുതയെന്താണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് എസിഎഫ് പി.രഞ്ജിത് കുമാര്‍, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ സി.അബ്ദുള്‍ ലത്തീഫ് എന്നിവരെത്തി പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: