ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളില്‍ (ഓവറികളില്‍) നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് (പി.സി.ഒ.ഡി). ഇന്ന് സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന രോഗവും കൂടിയാണിത്.
സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറഞ്ഞ് വരികയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ അളവ് കൂടി വരികയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂലം അണ്ഡോല്പാദനം കുറയുകയും ഇത് ആര്‍ത്തവം കൃത്യമായി വരാത്തതിന് കാരണമാവുകയും ചെയ്യും.
ജനിതകത്തകരാറുകള്‍, ചെറുപ്പത്തില്‍ മധുരമുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിച്ച് തടി കൂടുന്നത് എന്നിവയാണ് പോളിസിസ്റ്റിക് ഓവറി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍.
ലക്ഷണങ്ങള്‍
ക്രമം തെറ്റിയുളള ആര്‍ത്തവം, അമിതവണ്ണം, അമിത രോമവളര്‍ച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. 3 മാസം മുതല്‍ 6 മാസം വരെ ആര്‍ത്തവം ഉണ്ടാകാതെയിരുന്നാല്‍ ശ്രദ്ധിക്കണം. വിവാഹിതരായവരില് ഇത് ഗര്‍ഭമാണെന്ന തെറ്റിദ്ധാരയുണ്ടാകാറുണ്ട്.
എങ്ങനെ കണ്ടെത്താം
സ്കാനിങ്ങിലൂടെ രോഗ നിര്‍ണ്ണയം സാധ്യമാണ്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ എത്രയും പെട്ടന്ന് സ്കാന്‍ ചെയ്ത് നോക്കേണ്ടതാണ്. വര്‍ഷത്തിലൊരു തവണയെങ്കിലും പ്രമേഹ പരിശോധനയും നടത്തുക.
ചികിത്സ
പ്രധാനമായും ആര്‍ത്തവ ക്രമീകരണത്തിനുളള ഗുളികകളാണ് നല്‍കുന്നത്. ആര്‍ത്തവം ക്രമമായാലും അണ്ഡോല്പാദനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് സ്കാനിങ്ങിലൂടെ ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ നിത്യവും 30 മിനിറ്റു മുതല്‍ 45 മിനിറ്റു വരെയെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
പി.സി.ഓ.ഡി. ഉളളവര്‍ക്ക് പിന്നീട് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ ഗര്‍ഭാശയ ഭിത്തിയില്‍ അര്‍ബുദ ബാധ (എന്‍ഡോമെട്രിയല്‍ കാന്‍സര്‍) കൂടുതലായി കാണപ്പെടുന്നു.
കുട്ടികള്‍ ഉണ്ടാകുന്നതിന് തടസ്സമില്ല
ഈ രോഗം വന്നാല്‍ കുട്ടികളുണ്ടാകില്ലേ എന്ന സംശയം പൊതുവേ ഉണ്ടാകാറുണ്ട്. എന്നാല്‍ മരുന്നുകള്‍ കഴിച്ച് ആര്‍ത്തവം ക്രമമായാല്‍ ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: