നിലമ്പൂര്‍: നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ലോഡ് കണക്കിന് കോഴിമാലിന്യം കുഴിച്ചുമൂടുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടത്താണ് നിലമ്പൂര്‍ മയ്യംതാനി സ്വദേശിയായ സ്വകാര്യവ്യക്തി മണ്ണുപ്പാടത്തെ തന്റെ ഭൂമിയില്‍ വ്യാപകമായി കോഴി മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്നത്. തന്റെ ഭൂമിയില്‍ പതിനാറടി നീളത്തിലും ഇരുപതടി താഴ്ചയിലും പത്തടി വീതിയിലുമായി ജെസിബി ഉപയോഗിച്ച് പത്തോളം വലിയ കുഴികളാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ നാലോളം കുഴികള്‍ കോഴിമാലിന്യമിട്ട് മൂടിക്കഴിഞ്ഞു. നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് രാത്രിയുടെ മറവില്‍ ലോഡ് കണക്കിന് കോഴിമാലിന്യങ്ങള്‍ ഇവിടേക്കെത്തിക്കുന്നത്. ദുര്‍ഗന്ധം ദുസ്സഹമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ ജെസിബി ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള കുഴികളും അതില്‍ നിക്ഷേപിച്ച കോഴിമാലിന്യവും കണ്ടെത്തിയത്. കമ്പിവേലിയിട്ട് കൃഷിയിടം സുരക്ഷിതമാക്കുകയും കൃഷിയിടത്തിലേക്ക് കടക്കാനുള്ള റോഡ് ഗേറ്റ് സ്ഥാപിച്ച് പൂട്ടിയതിനാലും നാട്ടുകാര്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയില്ല.
പ്രദേശവാസികളായ 50ലേറെ പേര് ഒപ്പിട്ട നിവേദനം ചാലിയാര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നിലമ്പൂര്‍ എസ്ഐ എന്നിവര്‍ക്ക് നല്‍കിയതോടെ സ്ഥലത്തെത്തിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി എന്‍ അനൂപിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ മാലിന്യനിക്ഷേപം അനധികൃതമാണെന്ന് കണ്ടെത്തുകയും സ്ഥലമുടമക്ക് നോട്ടീസ് നല്കാന് തീരുമാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: