വൈപ്പിന്‍: ദുരിത പൂര്‍ണ്ണമായ ജീവിതത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടി വൃദ്ധ ദമ്പതികള്‍. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിനു സമീപത്തായി അഞ്ചു സെന്റ് പുരയിടത്തില്‍ താമസിക്കുന്ന ഡിഡാക്കോസ് (86) മേരി ഡിഡാക്കോസ് (80)ദമ്പതിമാരാണ് പരസഹായത്തിനാളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. ഇരുവര്‍ക്കും മക്കളില്ല.
തയ്യല്ക്കാരന് ആയിരുന്ന ഡിഡാക്കോസ് കടുത്ത ആസ്മാ രോഗിയാണ്. രണ്ടു വര്‍ഷം മുമ്പ എറണാകുളത്തെ ഒരു സ്വകാര്യ ആസ് പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശ്വാസകോശത്തില്‍ തകരാര്‍ കണ്ടെത്തി. പ്രായക്കൂടുതല്‍ കാരണം മറ്റു വിദഗ്ദ ചികിത്സകള്‍ ചെയ്യാനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു. ഇയാളുടെ ബന്ധത്തിലുള്ള ഒരു ഹോമിയോ ഡോക്ടറുടെ മരുന്നാണ് പിന്നീട് കഴിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡിഡാക്കോസ് മാനസികമായും ശാരീരികമായും തളര്‍ന്നു. പിന്നീട് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത് കിടന്ന കിടപ്പിലാണ്.
തൊട്ടടുത്ത് തന്നെ താമസിക്കുന്ന മേരിയുടെ സഹോദരന്റെ മകന് ഫെര്‍മിയും, അയല്‍വാസികളായ ജെസ്സി, മിനി എന്നിവര്‍ ആണ് ദിവസേന ഭക്ഷണം നല്‍കുന്നത്. പ്രായമായ അമ്മയും രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബമായതിനാല്‍ മരപ്പണിക്കാരനായ ഫെര്‍മിക്ക് ഒരു പരിധിയില്‍ കൂടുതല്‍ ഇവരെ സഹായിക്കാന്‍ കഴിയുന്നില്ല.
ഭാര്യ മേരി കുറച്ചു ദിവസം മുന്‍പ് വീണതോടുകൂടി തീര്‍ത്തും നിസ്സഹായവസ്തയിലായി കാര്യങ്ങള്‍. പ്രമേഹം മൂലം കാലിലെ മുറിവ് പഴുത്തു. സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ്് ആണ് ഇവിടെ വന്നു മുറിവില്‍ ഡ്രസ്സ് ചെയ്തു കൊടുക്കുന്നുണ്ട്. കൂടാതെ എല്ലാ ചൊവ്വാഴ്ചയും എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ പാലിയേറ്റീവ് യൂണിറ്റ് സന്ദര്‍ശനം നടത്തുന്നതും ആശ്വാസമാണ്.
വാര്‍ധക്യ പെന്ഷന് ആയ ആയിരത്തി അഞ്ഞൂറ് രൂപയും(ഇരുവര്‍ക്കും) പള്ളിയില്‍ നിന്ന് നിര്‍ധന കുടുംബ ത്തിനു നല്കുന്ന അഞ്ഞൂറ് രൂപയും ലഭിക്കുന്നുണ്ട്. മറ്റുസാമ്പത്തിക സഹായമൊന്നുമില്ല. രണ്ടു പേരെയും ഒരുമിച്ചു ഒരു സ്ഥലത്ത് ചികിത്സ നടത്തി അഗതി മന്ദിരം പോലെ ഉള്ള സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നതിനു കുറെ ശ്രമിച്ചെങ്കിലും സാമ്പത്തികമായി ചെലവ് വരുന്നത് മൂലം നടന്നില്ല.
മാലിപ്പുറം ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് സിന്ധു, പബ്ലിക് ഹെല്‍ത്ത് നേഴ്സ് പ്രിയ, വാര്‍ഡ് മെമ്പര്‍ മാത്യു ലിഞ്ചന്‍ റോയ് എന്നിവരും സമീപവാസികളും ചേര്‍ന്ന് ഇവരെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: