കേരളത്തിന്റെ പാരമ്പര്യ കലയാണ് നങ്ങ്യാര്‍കൂത്ത്. ചാക്യാര്‍കൂത്തും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പാരമ്പര്യമായി നടത്തി വരുന്ന അനുഷ്ഠാന ക്ഷേത്ര കലാരൂപങ്ങളാണ്. നമ്പ്യാര്‍, ചാക്യാര്‍ സമുദായങ്ങള്‍ പാരമ്പര്യമായി അനുവര്‍ത്തിച്ചു വരുന്ന ഈ കലാരൂപങ്ങള്‍ അനുഷ്ഠാന കലയായി ക്ഷേത്രത്തിന്റെ മതില്ക്കെട്ടുകള്ക്കുളളില് ഒതുങ്ങി നില്‍ക്കുകയും പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ പ്രചാരം സിദ്ധിക്കാതെ വരികയും ചെയ്ത നങ്ങ്യാര്‍കൂത്ത് പരിപോഷിപ്പിക്കാന്‍ കേരള കലാമണ്ഡലം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കല, മനുഷ്യമനസുകളില്‍ സ്ഥാനം പിടിക്കുകയും ആസ്വദിക്കുകയും ചെയ്യാനുളളതാണ്.
നങ്ങ്യാര്‍കൂത്ത് ജനകീയമാക്കുവാന്‍ സാമുദായിക പാരമ്പര്യത്തില്‍ നിന്ന് മാറിച്ചിന്തിച്ച് അഭ്യസിക്കുവാന്‍ താല്പര്യമുളളവര്ക്ക് പകര്‍ന്നു നല്കുവാനും കലാമണ്ഡലം ശ്രദ്ധിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമാണ് കലാമണ്ഡലം ആതിര.
കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തില്‍ നിന്നു വേറിട്ട് ക്ഷേത്രങ്ങളില്‍ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തു വരുന്ന കലാരൂപമാണ് നങ്ങ്യാര്‍കൂത്ത്. കൂടിയാട്ടത്തില്‍ സ്ത്രീ വേഷങ്ങള്‍ കെട്ടുന്നത് നങ്ങ്യാരമ്മമാരാണ്. ചാക്യാന്മാര്ക്ക് അംഗുലീയാങ്കം എങ്ങനെയോ അതുപോലെയാണ് നങ്ങ്യാരമ്മമാര്ക്ക് ശ്രീകൃഷ്ണ ചരിതം. ശ്രീകൃഷ്ണ ചരിത കഥകളാണ് നങ്ങ്യാര്‍കൂത്തില്‍ ഉപയോഗിക്കുന്നത്. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, തലയിലെ കിരീടത്തിലെ ചെത്തിപ്പൂവ്, മുടിയിലെ സര്‍പ്പത്തിന്റെ പത്തി എന്നിവയെല്ലാം കേരളീയ ഭഗവതി സങ്കല്പത്തോട് ബന്ധം പുലര്‍ത്തുന്നവയാണ്. ശ്രീകൃഷ്ണ ചരിതത്തിലെ ഒട്ടുമിക്ക കഥകളും കൂത്തിലൂടെ അവതരിപ്പിക്കുന്ന ചുരുക്കം ചിലരേ ഇന്ന് കേരളത്തിലുള്ളൂ. ഈ കഥകളിലെ ഒട്ടുമിക്ക കഥകളും കൂത്തിലൂടെ അവതരിപ്പിച്ച് കലാമണ്ഡലം ആതിര നങ്ങ്യാര്‍കൂത്തില്‍ തന്റെയിടം കണ്ടെത്തുന്നു, പാരമ്പര്യത്തിന്റെ പിന്തുണയില്ലാതെ.
എറണാകുളം പനമ്പുകാട് ബ്ലാവത്തുപറമ്പില് മത്സ്യത്തൊഴിലാളിയായ അമ്പിളിയുടേയും തങ്കമണിയുടേയും ഏക മകളാണ് ആതിര. മൂന്നാം വയസിലാണ് നായരമ്പലം കുസുമം സുകുമാരന്റെ അടുത്തു നിന്ന് നൃത്തപഠനം ആരംഭിച്ചത്. ആറാമത്തെ വയസില്‍ ഞാറയ്ക്കല്‍ ബാലഭദ്ര ക്ഷേത്ര സന്നിധിയില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി വേദികളില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ അവതരിപ്പിച്ചു.
കേരള കലാമണ്ഡലത്തില്‍ 1999-ല്‍ എട്ടാം ക്ലാസില്‍ കൂടിയാട്ടത്തിനു ചേര്‍ന്നു. കലാമണ്ഡലം ശൈലജ,കലാമണ്ഡലം ഗിരിജാദേവി, കലാമണ്ഡലം ശിവന് നമ്പൂതിരി, കലാമണ്ഡലം രാമചാക്യാര്‍ തുടങ്ങിയ പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ കൂടിയാട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കി. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് കൂടിയാട്ടത്തില്‍ ”ശൂര്പ്പണാങ്കത്തിലെ” ലളിതയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി വേദികളില്‍ ലളിത ,സീത,താര,വിജയ,സുഭദ്ര തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീരാമന്,രാവണന് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള ഭാഗ്യവും ആതിരയ്ക്ക് ലഭിച്ചു. കലാമണ്ഡലം രാമചാക്യാരുടെ കീഴിലുളള പഠനമാണ് ഈ കഥാപാത്രങ്ങളെ അരങ്ങത്ത് അവതരിപ്പിക്കുവാന്‍ പ്രേരണയായത്.
കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുളള ആതിരയ്ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട് .കെ.പി.നാരായണ പിഷാരടി സുവര്‍ണ്ണ മുദ്ര അവാര്‍ഡ് ലഭിച്ച ആതിര ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ഇന്റര്‍ഗ്രേറ്റഡ് എം.ഫില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ്. എറണാകുളം നെട്ടൂര്‍ പുളിക്കത്തറ വീട്ടില്‍ പ്രവീണിന്റെ ഭാര്യയാണ്. മകള്‍: ബാലഭദ്ര. നങ്ങ്യാര്‍ക്കൂത്ത് ജനകീയമാക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ ഒരു നങ്ങ്യാര്‍ക്കൂത്ത് മാറിമാറി പൊതുവേദികളിലായി ആതിര അവതരിപ്പിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: