കണ്ണൂര്‍: റെയ്ഡ്കോയുടെ നവീകരിച്ച കറി പൗഡര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. പെരളശ്ശേരി മാവിലായിയിലെ ഫാക്ടറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിദിനം 30 ടണ്‍ സംസ്കരണ ശേഷിയാണ് ഫാക്ടറിക്കുള്ളത്. ഞെട്ട് കളഞ്ഞുള്ള മുളക് ഉപയോഗിച്ചുള്ള മുളക്പൊടി, പ്രത്യേകം വരുത്തുന്ന ഉണ്ട മല്ലികൊണ്ടുള്ള മല്ലിപ്പൊടി, മസാലപ്പൊടികള്‍, ആട്ട, റവ, പല വ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇനി വിപണിയില്‍ കൂടുതലായി എത്തുക. ഉത്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് രണ്ട് കോടി രൂപ ചെലവില്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയും ആരംഭിക്കുന്നുണ്ട്.
നാല് പതിറ്റാണ്ടിലേറെയായി നാടിന്റെ നിറസാന്നിദ്ധ്യമായി റെയ്ഡ്കോ നിലനില്‍ക്കുന്നുണ്ടെന്നും നല്ല രീതിയില്‍ സ്ഥാപനം മുന്നേറുന്നത് സന്തോഷം നല്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ , എം.പിമാരായ പി.കെ.ശ്രീമതി, കെ.കെ. രാഗേഷ്, എംഎല്‍എമാരായ ഇ.പി. ജയരാജന്, എ.എന്‍.ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്, പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ചന്ദ്രന് , സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍, എം.പ്രകാശന് , റബ്കോ ചെയര്മാന് എന്‍. ചന്ദ്രന്, ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.സുരേഷ്, മാമ്പറത്ത് രാജന്, എന്‍.പി. ശ്രീധരന്, ആര്.കെ.ഗിരിധരന്, വി.സി.വാമനന്, പി.ടി.ജോസ്, അഡ്വ.പി.നിസാര്‍ അഹമ്മദ്, ടി. ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു.
റെയ്ഡ്കോ ചെയര്മാന് വത്സന് പനോളി സ്വാഗതവും സംഘാടകസമിതി ചെയര്മാന് കെ.കെ.നാരായണന് നന്ദിയും പറഞ്ഞു. ചടങ്ങിനു മുമ്പ് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചനയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: