പത്തനംതിട്ട: കാക്കിക്കുള്ളില്‍ നിയമപാലകര്‍ മാത്രമല്ല കൃഷിക്കാരുമുണ്ടെന്നു തെളിയിക്കുകയാണ് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. സ്റ്റേഷന് വളപ്പിലെ കൃഷിവിളകള്‍ അവിടെ എത്തുന്ന പരാതിക്കാരേയും പ്രതികളെയുമടക്കം ആരേയും ആകര്‍ഷിക്കും.
കരനെല്ലും വിവിധയിനം പച്ചക്കറികളും അടക്കമാണ് 15 സെന്റ് സ്ഥലത്ത് വളര്‍ന്ന് നില്ക്കുന്നത.് കതിരിട്ടു നില്ക്കുന്ന നെല്ല്, നിറയെ കായ്ച്ചു നില്ക്കുന്ന തക്കാളിയും വെണ്ടയും, തഴച്ചു വളരുന്ന ചീര ഇതെല്ലാം മറ്റൊരു പോലിസ് സ്റ്റേഷനിലും കാണാന്‍ കഴിയാത്ത കാഴ്ച. ഇത്തവണ ഓണത്തിന് സദ്യയുണ്ണാനുള്ള വക സ്വന്തം അധ്വാനത്തില്‍ വിളഞ്ഞു കിട്ടിയ സന്തോഷത്തിലാണ് സ്റ്റേഷനിലെ പോലീസുകാര്‍.
എസ്ഐ. സി.ടി. സഞ്ജയ്, സിപിഒമാരായ മനു, സുഭാഷ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കൃഷികള്‍ക്കു നേതൃത്വം നല്‍കുന്നത്. പഴയ ക്വാര്‍ട്ടേഴ്സ് പൊളിച്ചു നീക്കിയ സ്ഥലമാണ് ഇവര്‍ കൃഷിയിടമാക്കി മാറ്റിയത്. കൊറ്റനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 54 സെന്റ് വസ്തുവാണ് സ്റ്റേഷന് ആകെയുള്ളത്. ഇവിടെ ആദ്യം പോലീസ് ഔട്ട് പോസ്റ്റാണുണ്ടായിരുന്നത്. 1990 ല്‍ ഇവിടെ പുതിയ പോലീസ് സ്റ്റേഷന് കെട്ടിടം പണിതതോടെ ഔട്ട്പോസ്റ്റിന്റെയും രണ്ടുക്വാര്ട്ടേഴ്സിന്റെയും കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
കാടുംപടര്‍പ്പും മൂടി മരപ്പട്ടി, പാമ്പ്, എലി എന്നിവ കെട്ടിടത്തില്‍ തമ്പടിക്കാന്‍ തുടങ്ങിയതോടെ ഇത് പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പോലീസുകാരും പല തവണ നിവേദനം നല്കി. രണ്ടു വര്‍ഷം മുന്‍പ് കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതിയായെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. പിന്നീട് പൂര്‍ണമായും ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. ഇതിന് ശേഷം സ്ഥലം നിരപ്പാക്കിയെടുത്താണ് കൃഷിയിറക്കാന്‍ തീരുമാനിച്ചത്.
കൊറ്റനാട് കൃഷി ഭവന്റെ സഹായം കൂടിയായതോടെ സ്റ്റേഷന് വളപ്പില്‍ കൃഷിക്ക് അരങ്ങൊരുങ്ങി. വിത്തും വളവും കൃഷി ഭവനില്‍ നിന്ന് നല്കി. പുറമേ 4000 രൂപ ഗ്രാന്റും. പോലീസുകാര്‍ക്കിടയില്‍ കൃഷിയോട് താല്പര്യമുള്ള മൂന്നുപേര്‍ മുന്‍കൈയെടുത്തപ്പോള്‍ സ്റ്റേഷന് വളപ്പ് ഒന്നാന്തരം കൃഷിയിടമായി.
ജൈവവളം ഉപയോഗിച്ച് നട്ടതെല്ലാം പൊലിച്ചു. സ്റ്റേഷനിലുള്ള 30 പോലീസുകാര്‍ക്ക് ഓണസദ്യയുണ്ണാനുള്ള പച്ചക്കറി ഇവിടെ നിന്ന് ലഭിക്കുമെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: