തിരുവല്ല: കുറ്റൂര്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുന്നത്തുമണ്ണില്‍ കടവിലെ (ആനയാര്‍ ഭാഗം) വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
രണ്ടു ബാര്‍ജുകളും ഒരു മണ്ണുമാന്തിയന്ത്രവുമാണ് ഇവിടെ പ്രവര്‍ത്തനം നടത്തുന്നത്. തീരങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനത്തില്‍ പ്രദേശവാസികളും ആവേശത്തോടുകൂടി പങ്കാളികളായി. രണ്ടു പഞ്ചായത്തുകളുടെയും വരട്ടെ വരട്ടാര്‍ വാട്സാപ് ഗ്രൂപ്പിന്റെയും പ്രദേശവാസികളുടെയും പൂര്‍ണ സഹകരണത്തിലാണ് ആറ് പഴയ രൂപത്തിലേക്കെത്തുന്നത്. തന്റെ ഭൂമിയോടു ചേര്‍ന്നു കിടന്നതും താല്‍ക്കാലികമായി കെട്ടി സംരക്ഷിച്ചു വന്നതുമായ വരട്ടാറിന്റെ ഭാഗമായ ഭൂമി മതിലുള്‍പ്പടെ പൊളിച്ചു നദിക്കു തിരിച്ചു നല്‍കിയാണ് തേവര്‍മണ്ണില്‍ ടി.കുരുവിള നാടിനു മാതൃകയായത്.
പതിനഞ്ചടി വീതിയും 200 മീറ്റര്‍ നീളവുമുള്ള ഭാഗമായിരുന്നു ഇത്. ഇവിടെ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്യം നല്കാന് 81 ാം വയസിലും അദ്ദേഹം മുന്നിട്ടിറങ്ങി. ആര്‍ക്കിടെക്ചര്‍, സ്പെസ് പ്ലാനിങ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ഇദ്ദേഹം യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസ ജീവിതത്തിനു ശേഷം 2012ല്‍ ആണ് നാട്ടിലെത്തിയത്. 65 വര്‍ഷങ്ങള്‍ക്കു മുന്‍പു കേവുവള്ളങ്ങള്‍ പൊയ്ക്കൊണ്ടിരുന്ന കാലത്തെക്കുറിച്ചും ഇവിടെ ഉണ്ടായിരുന്ന സര്‍ക്കാര്‍ കടത്തിനേക്കുറിച്ചും ചെറുപ്പകാലത്തെ അനുഭവങ്ങളെക്കുറിച്ചും ഓര്‍മിക്കുമ്പോള്‍ ‘ഞങ്ങള്‍ക്ക് പൂര്‍ണ നദിയായി വരട്ടാറിനെ തിരികെത്തരൂ’ എന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ഒപ്പം വര്‍ഷങ്ങളായി ആറ്റുപുറമ്പോക്കില്‍ കൃഷി ചെയ്തിരുന്ന സ്ഥലങ്ങള്‍ സ്വമേധയാ വിട്ടുനല്‍കി രവീന്ദ്രന് നായര്‍ അശ്വതി ഭവന്, വാസുദേവന്‍ പിള്ള ആറുവള്ളില്‍, നാണു പവിത്രാലയം, വിശ്വനാഥന് ആറുവള്ളി പള്ളത്ത് എന്നിവരും നാട്ടുകാര്‍ക്ക് മാതൃകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: