കാക്കനാട്: ശോചനീയാവസ്ഥയിലായ തൃക്കാക്കമര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുടുംബക്ഷേമ കേന്ദ്രം പദ്ധതി ആരോഗ്യ വകുപ്പ് ഉപേക്ഷിക്കാന്‍ സാധ്യത. കുടുംബക്ഷേമ കേന്ദ്രം പദ്ധതി നടപ്പിലാക്കാന്‍ നിലവിലെ കെട്ടിടത്തില്‍ വേണ്ടത്ര സ്ഥലമില്ലെന്നാണ് കാരണം. ഇതോടെ നിര്‍ദിഷ്ട പദ്ധതി നടപ്പിലാക്കുന്നതിന് തിരിച്ചടിയായി.
ക്വാര്‍ട്ടേഴ്സിലെ പ്രാഥമികാരോഗ്യ കേന്ദ്രം ശോചനീയാവസ്ഥയിലായ സാഹചര്യത്തില്‍ കുടുംബക്ഷേമ കേന്ദ്രമാക്കാനുള്ള തീരുമാനം നടപ്പിലാക്കാനാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. ആരോഗ്യ വകുപ്പിന്റെ കുടുംബക്ഷേമ കേന്ദ്രം തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ക്വാര്‍ട്ടേഴ്സിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടപ്പിലാക്കാനായിരുന്നു പി.ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചിരുന്നത്.
ക്വാര്‍ട്ടേഴ്സ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചിമുറി മാലിന്യം ചോര്‍ന്നു ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്വാര്‍ട്ടേഴ്സിലെ കെട്ടിടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തന്നെ പരിമിത സ്ഥല സൗകര്യത്തിലാണ്. ഈ സാഹചര്യത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, ലാബ്, ഓഫീസ് സൗകര്യങ്ങളോടുകൂടിയ കുടുംബ ക്ഷേമ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ നിലവിലെ കെട്ടിടത്തില്‍ അസൗകര്യങ്ങളുള്ളതിനാല്‍ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്നായിരുന്നു ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
കുടുംബക്ഷേമ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണം, ഡോക്ടര്‍മാരുടെ മുറികള്‍, എക്സറേ, ഇസിജി ലാബുകള്‍ക്ക് മുറികള്‍, മരുന്ന് നല്‍കാനും സൂക്ഷിക്കാനുള്ള മെഡിക്കല്‍ സ്റ്റോര്‍, ഫാര്‍മസി സൗകര്യങ്ങള്‍, നഴ്സിങ് അസിസ്റ്റന്ഡ്മാരുടെ മുറി, ഓഫീസ്, ഒപി സൗകര്യം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കുടുംബക്ഷേമ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് പദ്ധതിക്ക് തിരിച്ചടിയായിരിക്കെയാണ,് കെട്ടിടം ചോര്‍ന്നൊലിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: