കല്‍പ്പറ്റ : കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതി ആഗസ്റ്റ് 14ന് രാപ്പകല്‍ സമരം നടത്തും. ജില്ലാ കളക്ട്രേറ്റ് പടിക്കല്‍ 14ന് ഉച്ചക്ക് തുടങ്ങുന്ന സമരം 15ന് ഉച്ചക്ക് അവസാനിക്കും. സമരത്തില്‍ മുന്‍ കേന്ദ്ര നിയമമന്ത്രി അഡ്വ. പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞിരത്തിനാല്‍ കു ടുംബം കല്‍പ്പറ്റയില്‍ ജില്ലാ കളക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം ആഗസ്റ്റ് 15ന് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കാലങ്ങളായിട്ടുള്ള കോടതി വ്യവഹാരങ്ങളും മറ്റ് ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും ജില്ലാ ഭരണകൂടം ഇവര്‍ക്ക് നീതി നിഷേധിക്കുകയാണ്. രണ്ട്വര്‍ഷമായി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ജീവിതത്തെപറ്റിയോ കുട്ടികളുടെ വിദ്യാഭ്യാസത്തെപറ്റിയോ ഇതുവരെ ഉദ്യോഗസ്ഥതലത്തില്‍നിന്നും യാതൊരു അന്വേഷണവും നടന്നിട്ടില്ല.
കളക്ട്രേറ്റ് പടിക്കല്‍ നടന്ന വനപാലകരുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാനത്തിയെ മാനന്തവാടി നിയോജകമണ്ഡലം എംഎ ല്‍എ ഒ.ആര്.കേളു സമരപന്തലിലേക്ക് തിരിഞ്ഞുനോക്കാന്വരെ തയ്യാറായിട്ടില്ല. കാഞ്ഞിരത്തിനാല്‍ സമരത്തിന്റെ പേരില്‍ വോട്ട് നേടി ജയിച്ച മുന്നണികള്‍ ഇവരെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്.
വിഷയത്തില്‍ ജില്ലയിലെ ഇടത് എംഎല്‍എമാര്‍ ജനകീയ വിചാരണക്ക് വിധേയരാകണമെന്ന് ഭൂസമര സഹായ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ എല്‍ഡിഎഫ് അധികാരം ലഭിച്ചതോടെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരടങ്ങുന്ന സര്‍ക്കാരിന്റെ നിലപാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമല്ലെന്നും അവര്‍ ആരോപിച്ചു.
കേസ് കോടതിയിലെത്തുമ്പോള്‍ പഠിക്കാന്‍ സമയം ആവശ്യപ്പെട്ട് നീട്ടികൊണ്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത് ആ കുടുംബത്തെ തെരുവിലെറിഞ്ഞുവെന്നാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സര്‍ക്കാരിനു റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. എന്നാല്‍ വീണ്ടും കുടുംബത്തെ ഉപദ്രവിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ച് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ബാധ്യതയാണ്. ഇതിന് പകരം കോടതിയില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സമരസഹായസമിതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: