മണ്ണും വളവും വേണ്ട, സ്ഥല സൗകര്യം ഒരു പ്രശ്നമാകില്ല. ജോലിക്കാര്‍ അധികം വേണ്ട. ഇതില്‍ നിന്ന് ലഭിക്കുന്നതോ വിഷരഹിതമായ മത്സ്യവും നല്ല നാടന്‍ ജൈവ പച്ചക്കറിയും. പറഞ്ഞു വരുന്നത് ഇന്ന് കേരളത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു കൃഷി രീതിയെ പറ്റിയാണ്. അക്വാപോണിക്സ് പദ്ധതി.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ എടവനക്കാട് താണിയത്ത് ലൈനില്‍ താമസിക്കുന്ന ചെത്തിക്കുളത്ത് അബ്ദുള്‍ മനാഫ് അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയത്. ഒഴിവു സമയങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ച് ആണ് അക്വാപോണിക്സ് കൃഷി രീതി തുടങ്ങിയത്. കൃഷിയോട് താല്പര്യം ഉള്ളതുകൊണ്ട് പച്ചക്കറി കൃഷി ആരംഭിക്കാം എന്ന് കരുതിയപ്പോഴാണ് പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയത്. കൃഷി തുടങ്ങിയാല്‍ കൃത്യമായി വെള്ളം ഒഴിച്ച് അതിനെ പരിപാലിക്കണം .ഇന്നത്തെ കാലത്ത് ജോലിക്ക് ആളെ കിട്ടാനുമൊക്കെയുള്ള ബുദ്ധിമുട്ട് ആലോചിച്ചപ്പോള്‍ എളുപ്പത്തില്‍ അതിനെന്താ ഒരു പരിഹാരം എന്ന ആലോചനയിലാണ് അക്വാപോണിക്സ് പദ്ധതിയിലേക്ക് തിരിയുന്നത്.
മത്സ്യം വളര്‍ത്തുന്നതോടൊപ്പം ആ വെള്ളം തന്നെ പച്ചക്കറി കൃഷിക് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു കൊല്ലം മുന്‍പ് ടെറസ്സിന്റെ മുകളില്‍ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൃത്രിമ ടാങ്ക് ഉണ്ടാകി അതില്‍ മത്സ്യങ്ങളെ നിക്ഷേപിച്ചാണ് പദ്ധതി ആരംഭിച്ചത്. സംരംഭം വിജയം ആണ് എന്നു തിരിച്ചറിഞ്ഞപ്പോള്‍ വീടിന്റെ പുറകില്‍ 40 അടി നീളവും 6 അടി താഴ്ചയില്‍ കുഴി നിര്‍മ്മിച്ചു അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. 50,000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളാന്‍ കഴിയുന്ന കൃത്രിമ കുളം കുഴിച്ചു. അതില്‍ മത്സ്യം വളര്‍ത്തുന്നു. ഏകദേശം അയ്യായിരത്തോളം മത്സ്യങ്ങള്‍ ആണ് ഈ കുളത്തില്‍ വളരുന്നത്. മത്സ്യകൃഷിക്കൊപ്പം പച്ചക്കറികൃഷിയും ഇതോടൊപ്പം ഒന്നിച്ചു നടക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. കുളത്തിനോട് ചേര്‍ന്ന് തന്നെ രൂപപ്പെടുത്തിയ 10 അടി നീളത്തിലും 3 അടി വീതിയിലും ഗ്രോബെഡുകള് ഉണ്ടാകി അതില്‍ മുക്കാല്‍ ഇഞ്ച് മെറ്റല്‍ വിരിച്ച് അതിലേക്ക് കുളത്തില്‍ നിന്ന് പമ്പ് വഴി വെള്ളം നല്കുന്നു.
മത്സ്യങ്ങള്‍ക്ക് നല്കുന്ന ഭക്ഷണാവശിഷ്ടങ്ങളും അവയുടെ വിസ്സര്‍ജ്യങ്ങളും കുളത്തിനു സമീപത്തെ ഗ്രോ ബെഡില്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഗ്രോ ബെഡ് ഉപകാരികളായ ബാക്ടീരിയകളാലും മണ്ണിരകളാലും സമ്പുഷ്ടമായിരിക്കും. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രൈറ്റ് ആയും, പിന്നീട് അത് വിഘടിച്ചു ചെടികള്‍ക്ക് വളമായും മാറുന്നു. ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ ഇത് പ്രധാനപങ്ക് വഹിക്കുന്നു. ഇത് തന്നെയാണ് പ്രധാന വളവുമെന്ന് മനാഫ് പറയുന്നു.
ആന്ധ്രയില്‍ നിന്ന് കൊണ്ടണ്ടു വന്ന ഗിഫ്റ്റ് തിലോപിയ, പിരാന എന്നീ വിഭാഗത്തില്‍ പെട്ട മീനുകള്‍ ആണ് വളര്‍ത്തുന്നത്. ഗ്രോ ബെഡ്ഡില്‍ പ്രധാനമായും വെള്ളരി, പാവയ്ക്ക, മത്തങ്ങ, പയര്‍, പടവലം, കാന്താരിമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇടവിളയായി മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. ഗ്രോ ബെഡ്ഡിനു ചുറ്റും മഞ്ഞള്‍ നട്ടു വളര്‍ത്തുന്നതിനാല്‍ മണ്ണ് ഇളകി പോകാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ നാലിഞ്ച് പിവിസി പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ ചെറിയ ഗ്രോബാഗ് വെച്ച് അതില്‍ വൂള്‍ തിരിയിട്ട് പൈപ്പിലൂടെ വെള്ളം കടത്തി വിട്ടു തിരിനന രീതിയിലുള്ള കൃഷി രീതിയും ചെയ്യുന്നുണ്ട്. കുളം കുഴിക്കുന്നത് ഒഴികെയുള്ള എല്ലാ ജോലികളും മനാഫ് ഒറ്റക്ക് തന്നെയാണ് ചെയ്തത്. പ്രധാനമായും വീട്ടാവശ്യത്തിന് വേണ്ടിയാണ് തുടങ്ങിയതെങ്കിലും ആവശ്യകാര്‍ക്ക് മത്സ്യവും പച്ചക്കറികളും കൊടുക്കാറുണ്ട്. എടവനക്കാട് ഹൈസ്കൂളിനു മുമ്പില്‍ ബേക്കറി നടത്തുന്നുണ്ട്.
ഫോണ്‍ : 9544176090.
പ്രതികരിക്കാൻ ഇവിടെ എഴുതുക: