പത്തനംതിട്ട: ആറന്മുളയിലെ മിച്ചഭൂമി പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പട്ടികജാതി- വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ആവശ്യപ്പെട്ടു.
പട്ടികജാതി- വര്‍ഗ്ഗ മോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.
262 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി ആറന്മുളയില് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലും കേരളത്തിന്റെ വിവിധഭാഗങ്ങളിലും പാട്ടക്കാലാവധി കഴിഞ്ഞതും കഴിയുന്നതുമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഉണ്ട്. എന്നിട്ടും പട്ടികജാതി ലക്ഷങ്ങള്‍ ഇന്നും ഒരുതുണ്ടു ഭൂമി പോലും സ്വന്തമായി ഇല്ലതെ കഴിയുന്നു. മരിച്ചാല്‍ മൃതദേഹം താമസ യോഗ്യമല്ലാത്ത കൂരയില്‍ തന്നെ സംസ്ക്കരിക്കേണ്ട ദാരുണമായ അനുഭവമാണ് ഇന്നും പട്ടികജാതി വിഭാഗങ്ങള്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
മിച്ചഭുമിയുടെ ആദ്യ അവകാശികള്‍ പട്ടിക ജാതിക്കാര്‍ ആയതിനാലും ഒരുതുണ്ട് ഭൂമിക്ക് മറ്റു ഒരുമാര്‍ഗവും പട്ടികജാതിക്കാരനില്ലാത്തതിനാലും ആറന്മുളയിലെ മിച്ചഭൂമി പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യണം. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിവിധ പട്ടികജാതി സംഘടനകളെ പങ്കെടുപ്പിച്ച് നിര്‍ദ്ദിഷ്ട ആറന്മുള മിച്ചഭുമി പിടിച്ചെടുക്കുമെന്നും സുധീര്‍ പറഞ്ഞു.
പട്ടികജാതി- വര്‍ഗ്ഗമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. വി ഭാസ്ക്കരന്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ ഭാരവാഹികളായ ഷാജി ആര് നായര്‍, പി. ആര് ഷാജി, മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ സി. എ പുരുഷോത്തമന്, കെ. കെ ശശി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: