പെരിന്തല്‍മണ്ണ: ടൗണ്‍ ഹാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും പവര്‍ ബാങ്കും പണവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍.
പശ്ചിമ ബംഗാള്‍, നാംഖാന സ്വദേശി ഷാജഹാന് (22) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണ സിഐ ബിനു ടി.എസിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ വി.കെ. കമറുദ്ദീനാണ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തുവച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ് മോഷണം നടന്നത്. ടൗണ്‍ ഹാള്‍ റോഡിലെ കിടങ്ങ് സ്വദേശിയുടെ മൊബൈല്‍ കടയിലാണ് സംഭവം. രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നും മോഷണ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെയും ജനമൈത്രി പോലീസ് വാട്സ്അപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ വലയിലായത്.
ജനമൈത്രി പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ഫോണുകളും മറ്റും താമസ സ്ഥലത്തുനിന്ന് കണ്ടെടുക്കുകയും ചെയ്തു. ഷാജഹാനെ പെരിന്തല്‍മണ്ണ ജെആര്സിഎം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
പ്രൊബേഷനറി എസ്ഐ എം.പി. രാജേഷ്, അഡീ.എസ്.ഐ സുരേന്ദ്രന്, അനീഷ്, ഷാജി, ദിനേശ്, ഷാഡോ പോലീസിലെ സി.പി. മുരളീധരന്, പി.എന്‍. മോഹനകൃഷ്ണന്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ജയാമണി എന്നിവരും അന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: