മലപ്പുറം: ജില്ലയുടെ മുക്കുംമൂലയും തുരന്ന് അനധികൃത ക്വാറികള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും അധികൃതര്‍ ഇതറിഞ്ഞ മട്ടില്ല.
വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ, നിയമങ്ങളെല്ലാം പാലിച്ച് പ്രവര്‍ത്തിക്കുന്ന 12 ക്വാറികളെ ജില്ലയിലുളളൂ. അതേസമയം അനധികൃതമായി മുന്നൂറിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണമംഗലം വില്ലേജിലും ഊരകം മലയിലും മാത്രം 80 അനധികൃത ക്വാറികളും മണല്‍ യൂണിറ്റുകളുമുണ്ട്.
വലിയ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ച് വന്‍തോതിലുളള ഖനനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. 20,000 മെട്രിക് ടണ്‍ പാറ വരെ ഒരുദിവസം പൊട്ടിച്ചു തീര്‍ക്കുന്നുണ്ട്. അനധികൃത ക്വാറികള്‍ക്കെതിരെ പലയിടങ്ങളിലും നാട്ടുകാര്‍ പരാതികളും പ്രതിഷേധങ്ങളുമായി രംഗത്തുണ്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല.
ജീവനക്കാര്‍ക്ക് വേണ്ട യാതൊരു സുരക്ഷയും ഒരുക്കാതെയാണ് ക്വാറികളിലെ ഖനനം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം മുപ്പതിലധികം പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കാനോ മിക്കപ്പോഴും അനധികൃത ക്വാറിയുടമകള്‍ തയ്യാറാവുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്തതും ക്വാറിയുടമകള്‍ക്ക് തുണയാകുന്നു. ക്വാറികളില്‍ അപകടങ്ങളുണ്ടായാല്‍ അന്വേഷിക്കേണ്ട തഹസില്‍ദാര്‍മാരും ഇതിന് തയ്യാറാവുന്നില്ലെന്ന ആക്ഷേപമുണ്ട്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ദിവസം അരലക്ഷം രൂപയാണ് പിഴയായി സര്‍ക്കാര്‍ ചുമത്തുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് ലക്ഷവും പിഴയും രണ്ടുകൊല്ലം തടവുമാണ് ശിക്ഷ. എന്നാല്‍ ഒരു ക്വാറിയും ഇത്തരം നടപടികള്‍ നേരിട്ടിട്ടില്ല. ജി.എസ്.ടി നിലവില്‍ വന്നതോടെ 14.5 ശതമാനമാണ് സര്‍ക്കാര്‍ നികുതിയായി ചുമത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: