കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ഭൂമി നല്‍കാത്തതിന് ജില്ലയ്ക്ക് നഷ്ടമാകുന്നത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്. ജില്ലയ്ക്ക് അനുവദിച്ച ഇന്‍ക്യൂബേഷന്‍ സെന്റര്‍ പോലും കണ്ണൂരിലേക്കു മാറ്റി. കേന്ദ്ര സര്‍ക്കാരിനു പദ്ധതി തുടങ്ങാനായി ആവശ്യപ്പെട്ട 25 ഏക്കര്‍ ഭൂമി യഥാസമയം ലഭ്യമാക്കാത്തതിനാലാണു പദ്ധതി കണ്ണൂരിലേക്കു മാറ്റിയത്.
വ്യവസായത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ ജില്ലയുടെ പല ഭാഗത്തും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ചെറുകിട-വന്‍കിട വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയില്‍ വ്യവസായ വകുപ്പ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വ്യവസായം തുടങ്ങാന്‍ ഏക്കറു കണക്കിന് സ്ഥലം കണ്ടെത്തി സര്‍വ്വേ നടത്തിയെങ്കിലും വ്യവസായം മാത്രം വന്നില്ല.
വ്യവസായ വികസന മേഖലയായി പ്രഖ്യാപിക്കുന്നതിനായി സര്‍വേ നടത്തി ഭൂമി കണ്ടെത്തിയതെങ്കിലും തുടര്‍ നടപടികളില്ലാത്തതിനാലാണ് ഏക്കറുകണക്കിനു ഭൂമി അനാഥമായി കിടക്കുന്നത്. അമ്പലത്തറയില്‍ 500 ഏക്കറോളം ഭൂമി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് വ്യവസായ വകുപ്പു സെക്രട്ടറി സര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു. ഇതിനു പുറമെ അരയി, വെള്ളൂട, കാഞ്ഞിരപ്പൊയില്‍ പ്രദേശത്തും ഭൂമി വ്യവസായ വകുപ്പു കണ്ടെത്തിയിരുന്നു. എന്നാല്‍ അമ്പലത്തറയിലെ 500 ഏക്കര്‍ ഭൂമിയില്‍ കുറച്ചു ഭാഗം സോളാര്‍ പാര്‍ക്കിനു വിട്ടുകൊടുത്തുവെങ്കിലും ബാക്കി ഭൂമി പിന്നെയും വെറുതെ കിടക്കുകയാണ്.
ഇ.പി.ജയരാജന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ വ്യവസായ സംരംഭം തുടങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് വന്നവര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയായിരുന്നു. അമ്പലത്തറയിലെ ഭൂമി ഏറ്റെടുത്തു വ്യവസായ സോണായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഈ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്ത് പുതിയ വ്യവസായം തുടങ്ങാനോ വ്യവസായ സംരംഭകര്‍ക്കു വിട്ടുനല്‍കാനോ അധികൃതര്‍ തയാറായിട്ടില്ല.
ഏക്കറുകണക്കിനു ഭൂമി സര്‍വേ നടത്തി കണ്ടെത്തിയിട്ടും വ്യവസായ വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന ജില്ലയില്‍ ഭൂമി ഏറ്റെടുത്തു വ്യവസായം തുടങ്ങാനുള്ള നീക്കമെന്നും വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വന്‍കിട വ്യവസായം തുടങ്ങാനുള്ളത്ര ഭൂമി ജില്ലയില്‍ ഉണ്ടായിട്ടും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ ജില്ലയ്ക്ക് നഷ്ടമാകുന്നത് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയ വിരോധമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: