തിരുവല്ല: റെയില്വേസ്റ്റേഷന് റോഡില്‍ വടക്കുഭാഗത്തായി റോഡരുകില്‍ മാലിന്യകൂമ്പാരം. റെയില്വേസ്റ്റേഷന് റോഡിന്റെ സ്റ്റേഷന് കവാടത്തിനോട് ചേര്‍ന്ന ഭാഗത്താണ് മാലിന്യം കൂടി കിടക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്നതിനാല്‍ മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യവുമാണ്.
മാലിന്യത്തില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി നായ്ക്കളും കൂടും. അതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി വരാന്‍ ഭയമാണ്. മാലിന്യം കാരണം രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. മഴ കനത്തതോടെ മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങാനും തുടങ്ങി.
റോഡിന്റെ ഇരുവശവും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ കൊതുകുകളുടെ ശല്യം രൂക്ഷമാണ്. ഇതിന് തൊട്ടടുത്തുതന്നെയാണ് സ്റ്റേഷന്. അതിനാല്‍ യാത്രക്കാര്‍ക്കും കൊതുക് ശല്യവും രൂക്ഷമാണ്. റെയില്വേസ്റ്റേഷന് സമീപം നിരവധി ഫ്ളാറ്റുകള്‍ ഉണ്ട്. അവിടെനിന്നാവാം മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത്. ഇവിടെയൊരിടത്തും മാലിന്യം സൂക്ഷിക്കാനായി മാലിന്യ സംഭരണികളോ മറ്റ് സൗകര്യങ്ങളോ ഇല്ല.
കൃത്യമായി നഗരസഭ മാലിന്യങ്ങള്‍ നീക്കുന്നുമില്ല. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനിലോട്ടുള്ള റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഓടയില്ലാത്തതുമൂലം ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാണ്. തിരുവല്ല റെയില്വേസ്സ്റ്റേഷന് എ ഗ്രേഡ് സ്റ്റേഷനാക്കുമെന്നും വന്‍ വികസനം ഒരുവര്‍ഷത്തിനകം ഉണ്ടാകുമെന്നും പലതവണയും അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്റ്റേഷനിലോട്ടുള്ള വഴിയില്‍കൂടി ഒരു ലോറിയോ ടിപ്പറോ കടന്നുപോയാല്‍ തന്നെ വഴി തടസപ്പെടും.
ധാരാളം യാത്രക്കാര്‍ രാത്രിയും പകലും ഒരുപോലെ യാത്ര ചെയ്യുന്ന വഴിയില്‍ പല വൈദ്യുതവിളക്കുകളും കത്തുന്നില്ല. സ്റ്റേഷനിലോട്ട് വരുന്ന വഴി രാത്രിയില്‍ ഇരുട്ടുമൂടി കിടക്കുന്നു. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആര്.എം.എസ്. ഓഫീസിന്റെ മുന്‍വശത്തും കാടു കയറി കിടക്കുകയാണ്. സ്റ്റേഷന് പണികള്‍ക്കായി ധാരാളം മെറ്റിലുകള്‍ ഇറക്കിയതു കാണാന്‍ പോലുമാകാതെ കാട് മൂടി കിടക്കുകയാണ്. സ്റ്റേഷനില്‍ ഇറങ്ങി പ്രൈവറ്റ് സ്റ്റാന്ഡിലോട്ടും ടി.കെ. റോഡിലോട്ടും പോകാവുന്ന വഴിയും കാടും മൂടിയും വെള്ളക്കെട്ടും കാരണം യാത്രായോഗ്യമല്ല. രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റെയില്‍വേ ക്വാര്ട്ടേഴ്സുംപരിസരവും വരെ കാട് കയറി കിടക്കുകയാണ്. റെയില്വേസ്റ്റേഷന് തൊട്ടടുത്തുള്ള തീപ്പനി ഓവര്‍ബ്രിഡ്ജിന് സമീപമാണ് മറ്റൊരു പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രം. മാസങ്ങളോളമായി ഇവിടെ മാലിന്യം നീക്കാതെ കിടക്കുകയാണ്. ഇപ്പോള്‍ മാലിന്യം കുന്നോളമായി. ഇവിടെ ഓവര്‍ബ്രിഡ്ജിനടിയില്‍നിന്ന് ഉറവ ജലം താഴേക്ക് ഒഴുകുന്നുമുണ്ട്. അതിനാല്‍ മാലിന്യങ്ങള്‍ പഴയ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിലോട്ട് ഒലിച്ചിറങ്ങുകയാണ്. ഇതുവരെയും നഗരസഭ മാലിന്യം നീക്കാനായി ഒരു കൃത്യമായി പരിപാടികളോ പദ്ധതികളോ തയാറാക്കിയിട്ടില്ല. ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ഫ്ളാറ്റുകളുടെ അടുത്തുമൊക്കെ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ മറ്റ് മാര്‍ഗങ്ങളൊന്നുംതന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: