കളമശ്ശേരി: മുട്ടാര്‍പുഴയുടെ തീരത്ത് 12 വര്‍ഷമായി കെട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ രണ്ട് ബാര്‍ജുകള്‍ വടം പൊട്ടി ഒഴുകി നടന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ചേരാനല്ലൂരില്‍ പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയുടെ തീരത്ത് ഗോഡൗണ്‍ കടവിലാണ് സംഭവം നടന്നത്. ഇന്നലെ വെളുപ്പിന് 4 മണിക്ക് വടം പൊട്ടി ഒരു ബാര്‍ജ് ഒഴുകി. കൂടെ കെട്ടിയിരുന്ന രണ്ടാമത്തെ ബാര്‍ജും ഒഴുകിപ്പോയി. എന്നാല്‍ കടവിനടുത്ത് പരുത്തി മരത്തില്‍ ആദ്യ ബാര്‍ജ് ഇടിച്ചുനിന്നു. പുറകെ ഒഴുകി വന്ന രണ്ടാമത്തെ ബാര്‍ജ് ആദ്യ ബാര്‍ജില്‍ തട്ടിനിന്നു.
കമ്പനിയുടെ ഉദ്യോഗസ്ഥരെത്തി ജനറേറ്റര്‍ കൊണ്ടുവന്ന് മുങ്ങിയ ബാര്‍ജിലെ വെള്ളം മുഴുവനും പമ്പ് ചെയ്ത് കളഞ്ഞു. തുടര്‍ന്ന് വൈകിട്ട് ബോട്ടുപയോഗിച്ച് കെട്ടിവലിച്ച് കരയ്ക്ക് അടുപ്പിച്ചു. എന്നാല്‍ രണ്ടാമത്തേത് കടവിനടുത്ത് കിടക്കുകയാണ്. വലിയ ബോട്ടു ഇന്ന് കൊണ്ടുവന്ന് ബാര്‍ജ് പഴയ സ്ഥലത്ത് കൊണ്ടുവരാനാകുമെന്ന് അതികൃതര്‍ പറഞ്ഞു.
മുട്ടാര്‍ പുഴയുടെ തീരത്താണ് 4 ബാര്‍ജുകളാണ് കഴിഞ്ഞ 12 വര്‍ഷങ്ങളായി കെട്ടിയിട്ടിരിക്കുന്നത്. ദ്രവീകൃത അമോണിയ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ബാര്ജുകളാണിവ. ഫാക്ട് റോഡുമാര്‍ഗ്ഗം അമോണിയ കൊണ്ടുപോകാന്‍ തുടങ്ങിയതോടെ ഫാക്ടുമായി കേസ് വന്നു. 2008 മുതല്‍ സ്ഥിരമായി ഇവിടെ കിടക്കാന്‍ തുടങ്ങി. ഇതില്‍ 2 എണ്ണമാണ് 200 മീറ്ററോളം ഒഴുകിയത്. മറ്റ് രണ്ടെണ്ണത്തില്‍ ഒരെണ്ണം ഏലൂര്‍ ഫാക്ട് പ്ലാന്റിനോട് ചേര്‍ന്നും മറ്റേത് ചേരാനല്ലൂര്‍ ഗോഡൗണ്‍ കടവ് കഴിഞ്ഞു മാണ് ഇട്ടിരിക്കുന്നത്. സമീപവാസികള്‍ക്ക് വാടകയും കമ്പനി നല്‍കുന്നുണ്ട്.
ചേരാനല്ലൂര്‍ ഗോഡൗണ്‍ കടവില്‍ കെട്ടിയിരുന്ന ബാര്‍ജ് വെളുപ്പിനെ 4 മണിയോടെയാണ് വടം പൊട്ടിയതെന്ന് സമീപവാസികള്‍ പറയുന്നു. വടത്തിന്റെ പഴക്കവും വെള്ളത്തില്‍ കിടക്കുന്നതും പൊട്ടാന്‍ കാരണമായിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ ഏലൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗം അറിയിച്ചു. ബാര്‍ജ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപയോഗിക്കാറില്ലെന്നും ഈ സംഭവത്തില്‍ ഫാക്ടിന് പങ്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മുംബൈ ആസ്ഥാനമായ ആര്ദഷിര്ബി കര്സെട്ജി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഫീസ് വെല്ലിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുള്ള ജീവനക്കാരാണ് ഇന്നലെ സ്ഥലത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: