മട്ടാഞ്ചേരി: ആഭ്യന്തര ക്രൂയിസ് ലൈനര്‍ സര്‍വ്വീസ് നവംബറില്‍ മുംബൈ-കൊച്ചി-മാലദ്വീപ് റൂട്ടില്‍ പ്രഥമ സര്‍വ്വീസ് നടത്തും. മഹാരാഷ്ട്ര ടൂറിസം വകുപ്പും ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ സേവനദാതാക്കളായ കാര്‍ണിവല്‍ ഏഷ്യയുമാണ് ക്രൂയിസ് ലൈനര്‍ സംവിധാനമൊരുക്കുന്നത്.
കോസ്റ്റ നിയോ എന്ന ആഡംബര കപ്പലാണ് വിനോദസഞ്ചാരത്തിനൊരുക്കുന്നത്.
654 കാബിനുകളുള്ള കപ്പലില്‍ വായനശാല, സിനിമാശാല, മദ്യശാല, ഡിസ്കോ, ബാര്‍ റൂം, സ്റ്റീം റൂം, ജിംനേഷ്യം, സ്വിമ്മിങ്ങ് പുള്‍, ഡ്യൂട്ടിഫ്രീ ഷോപ്പിങ്ങ് കോംപ്ലക്സ്, കായികവിനോദങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് യാത്രാസമയം. മുംബൈ-കൊച്ചി നാല് ദിവസവും കൊച്ചി-മാലദ്വീപ് മൂന്ന് ദിവസവുമാണ് യാത്ര.
ടൂറിസം സീസണായ 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയാണ് ആഡംബര കപ്പല്‍ സര്‍വ്വീസ് പ്രഥമ കരാര്‍ കാലാവധി. വിദേശകപ്പലുകള്‍ ഇന്ത്യന്‍ തീരങ്ങളെ ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ കബോട്ടാഷ് നിയമങ്ങളില്‍ ഇളവനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ആഭ്യന്തര ആഡംബര കപ്പല്‍ സര്‍വ്വീസ് രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് ടൂറിസം ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഇതിലൂടെ അവസരമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: