സാംസ്കാരിക നായകന്മാരുടേയും ബുദ്ധിജീവികളുടേയും സ്വന്തം നാടുകൂടിയാണ് കേരളം. ഇവരില്‍ ബഹുഭൂരിപക്ഷവും ഇടതുസഹയാത്രികരാണ്. കേരളത്തിന്റെ നന്മയും പുരോഗതിയുമൊക്കെ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയതാണെന്ന ഭാവമാണ് പലപ്പോഴും ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്നത്. സമൂഹത്തിന്റെ കാവലാളുകളാണ് തങ്ങളെന്നും, സമൂഹത്തിനെതിരായ ഒന്നിനേയും വച്ചുപൊറുപ്പിക്കില്ലെന്നും അവസരം കിട്ടുമ്പോഴൊക്കെ ആക്രോശിക്കും.
തിന്മകള്ക്കെതിരെ പോരാടണമെന്ന് അടിക്കടി ജനങ്ങളെ ആഹ്വാനം ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. പക്ഷേ ഈ പരാന്നജീവികള്‍ ഇപ്പോള്‍ പാടെ നിശബ്ദരാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായുള്ള സിപിഎമ്മിന്റെ ഭരണത്തിന്‍കീഴില്‍ അനുദിനമെന്നോണം അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരെ ഇവര്‍ മുഖംതിരിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎമ്മിന്റെ താലിബാനിസം തന്നെയാണ് സംസ്ഥാനത്ത് നടമാടുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് ആര്‍എസ്എസ് ശാഖാകാര്യവാഹ് രാജേഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
പാര്‍ട്ടിവിട്ട് ആര്‍എംപി രൂപീകരിച്ചതിന് പ്രതികാരമായി വടകരയില്‍ സിപിഎം പൈശാചികമായി കൊലചെയ്ത ടി. പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകളാണുണ്ടായിരുന്നത്. രാജേഷിന്റെ മൃതശരീരത്തില്‍ 89 വെട്ടുകളേറ്റിരുന്നു. ആ യുവാവിന്റെ ഒരു കൈതന്നെ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞു. യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിക്കകത്ത് കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയതിന്റെ തുടര്‍ച്ചയാണിത്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭീകരരും, സിറിയയിലെയും ഇറാഖിലെയും ഐഎസ് ഭീകരരുമാണ് ഇത്തരം കാട്ടാളത്തം മനുഷ്യജീവികളോട് കാണിക്കുന്നത്. മതവെറികൊണ്ട് കണ്ണുകാണാതായ ഈ ഭീകരരില്‍നിന്ന് ഒട്ടും വ്യത്യസ്തരല്ല തങ്ങളെന്ന് കേരളത്തിലെ സിപിഎം അക്രമികളും തെളിയിക്കുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമല്ല സിപിഎം താലിബാനിസത്തിന്റെ ഇരകളാവുന്നത്.
സിപിഐക്കാരും കോണ്‍ഗ്രസുകാരും മുസ്ലിംലീഗുകാരുമൊക്കെ കൊല്ലപ്പെടുകയാണ്. കായംകുളത്ത് സിപിഎം വിട്ട ഒരു യുവാവിന്റെ രണ്ട് കൈവിരലുകളാണ് പാര്‍ട്ടി അക്രമികള്‍ വെട്ടിമാറ്റിയത്. സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ വിമര്‍ശിച്ച് ലഘുലേഖ പുറത്തിറക്കിയതിനാണത്രെ ഇത്. കഴുത്ത് വെട്ടിമാറ്റാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് കൈയ്ക്ക് വെട്ടേറ്റത്. കുപ്പിച്ചില്ല് തുണിയില്‍ കെട്ടിയും, വൈദ്യുതി പ്രവഹിക്കുന്ന കമ്പി ഉപയോഗിച്ചും ആക്രമിച്ച ശേഷമായിരുന്നു ഇത്. ഒരു മുന്‍ സഖാവിനുനേരെയാണ് ഈ ആക്രമണമെന്നോര്‍ക്കുക.
തിരുവനന്തപുരത്ത് സിപിഎം കൊലചെയ്തത് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ഒരു ദളിത് യുവാവ് ആത്മഹത്യ ചെയ്തത്. പിണറായി ഭരണത്തിന് കീഴില്‍ ഒരുവര്‍ഷത്തിനിടെ 1000 ദളിത്-പിന്നാക്ക വിഭാഗ പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥത്തില്‍ നടന്നത് ഇതിലുമേറെയായിരിക്കും. അതീവ ഗുരുതര അവസ്ഥയാണിതെന്നും സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ദേശീയ പട്ടികജാതി കമ്മീഷന് അടുത്തമാസം സംസ്ഥാനത്തെത്തുമെന്നും കമ്മീഷന് ഉപാധ്യക്ഷന്‍ എല്‍. മുരുകന് വ്യക്തമാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം രാജ്യമാസകലം ദളിത് പീഡനങ്ങള്‍ നടക്കുകയാണെന്ന് പ്രചരിപ്പിച്ചവരില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര് ആര്‍ക്കും പിന്നിലല്ല. രാജ്യതലസ്ഥാനത്തും മറ്റും ഈ കുപ്രചാരണത്തിന് നേതൃത്വം നല്കിയവരില് പലരും മലയാളികളുമാണ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥി, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളായിരുന്നിട്ടും ദളിതനായി ചിത്രീകരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ബഹളം വയ്ക്കാനും കേരളത്തിലെ ഇടതു സാംസ്കാരിക നായകന്മാര് മുന്നിലുണ്ടായിരുന്നു. ഇവരാണിപ്പോള്‍ സിപിഎം യജമാനന്മാരുടെ മുന്നില്‍ വായ്കൈ പൊത്തി അവരുടെ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത്.
മുപ്പത്തിനാല് വര്‍ഷം പശ്ചിമബംഗാളില്‍ നിലനിന്ന കമ്യൂണിസ്റ്റ് ഫാസിസത്തെ അവിടുത്തെ ഇടതുബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ചോദ്യം ചെയ്തില്ലെന്നുമാത്രമല്ല, പിന്തുണയ്ക്കുകകൂടി ചെയ്തു. ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടേയും നേതൃത്വത്തില്‍ 1977-2009 കാലയളവിലെ ഭരണത്തില്‍ 55,408 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നാണ് ഒരു കണക്ക്. ഓരോ വര്‍ഷവും ശരാശരി 1787 കൊലപാതകം. ഒരു മാസം 149. ഒരു ദിവസം അഞ്ച്. അതായത് ഓരോ നാലരമണിക്കൂറിലും ഒരു കൊലപാതകം. ഇതിന് ബംഗാള്‍ ജനത മുതലും പലിശയും ചേര്‍ത്ത് തിരിച്ചു കൊടുത്തതാണ് അധികാരത്തില്‍ നിന്ന് വലിച്ചെറിഞ്ഞത്. ഒരുകാലത്ത് ബംഗാളും ത്രിപുരയും കേരളവുമായിരുന്നു ഇടതുകോട്ടകള്‍.
ഇതില്‍ ബംഗാളില്‍ തൂത്തെറിയപ്പെട്ടു. ത്രിപുരയില്‍ ഇടതുപക്ഷം ഭരണനഷ്ടത്തിന്റെ വക്കിലാണ്. അവശേഷിക്കുന്ന ഒരേയൊരു തുരുത്ത് കേരളമാണ്. അവിടെ ബംഗാള്‍ മോഡല്‍ അക്രമങ്ങള്‍കൊണ്ട് ഭരണം കുത്തകയാക്കാമെന്നാണ് സിപിഎം നേതൃത്വം വ്യാമോഹിക്കുന്നത്. ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ ഭരണാഭാസത്തിന് കുടപിടിക്കുന്ന ബുദ്ധിജീവികളേയും സാംസ്കാരിക നായകന്മാരേയും കാത്തിരിക്കുന്നത് ബംഗാളിലെ പ്രതിപുരുഷന്മാരുടെ ഗതിയാണ്. കാലം ഇവരോട് കണക്ക് ചോദിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: