മലപ്പുറം: വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ഫാസ്റ്റ് ഫുഡ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കുഞ്ഞന്‍ കടകള്‍ തേടിവരുന്നവര്‍ ഏറെയാണ്.
പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ ‘ഡ്യൂട്ടി’ സമയം കഴിഞ്ഞതിന് ശേഷമാണ് തട്ടുകളില്‍ പലതും തുറക്കുന്നത് തന്നെ.
പകല്‍ സമയത്ത് തന്നെ പരിശോധിക്കാന്‍ നേരമില്ല അപ്പോഴാണ് രാത്രിയെന്നാണ് അധികൃതരുടെ ഭാവം. മഴക്കാലമായതോടെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലതും മൂടിവെക്കാറുപോലുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. മിക്ക തട്ടുകടകളിലും പാചകക്കാരും വെയിറ്റര്‍മാരും അന്യസംസ്ഥാന തൊഴിലാളികളാണ്. ടാര്‍പോളീന്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ചാണ് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ടൗണുകളിലെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകള്‍ക്ക് മുകളില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഇത്തരം തട്ടുകടകള്‍ മിക്കതും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്.
ഡെങ്കിപ്പനിയടക്കമുള്ള മഴക്കാല രോഗങ്ങള്‍ക്ക് പുറമെ കോളറയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വ്യാപകമാകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലുമില്ലാതെയാണ് പലതട്ടിക്കൂട്ട് റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ പലതും നിഷ്ക്രിയമാണ്. രേഖാമൂലം പരാതി കൊടുത്താല്‍പോലും ആരും തിരിഞ്ഞുനോക്കാറില്ല. സാമൂഹ്യപ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകളും മൗനത്തിലാണ്.
ഭക്ഷണകാര്യത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നറിയാവുന്ന തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മുഖംതിരിച്ചിരിപ്പാണ്.
50 രൂപക്ക് ബിരിയാണി ലഭിക്കുന്ന കടകളില്‍ രാവിലെ മുതല്‍ തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. അജിനോമോട്ടോയും വിലകുറഞ്ഞ അരിയും വേവിച്ച് കളറുകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ഇറച്ചിയും ചേര്‍ത്താല്‍ ബിരിയാണി തയ്യാര്‍. വിലക്കുറവിന്റെ ആകര്ഷണതയില് കഴിക്കുന്ന ഭക്ഷണം ആയുസ് കുറക്കുമെന്ന് പലരും ചിന്തിക്കുന്നതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: