കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 ഗ്രാമീണരെ വെടിവെച്ച് കൊന്നു. ആക്രമണത്തില്‍ ഷിയാ വിഭാഗത്തിൽപ്പെട്ടവരാണ് മരണപ്പെട്ടതെന്ന് പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് സഹര്‍ വാദത്ത് അറിയിച്ചു.
പൊലീസ് ചെക്ക് പോയിന്‍റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെത്തിയ ആയുധധാരികള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. അഫ്ഗാന്‍ സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അതേസമയം, ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന അഫ്ഗാന്‍ സാര്‍ക്കാറിന്റെ പ്രസ്താവന ഭീകരസംഘടനയായ താലിബാന്‍ നിഷേധിച്ചു. സര്‍ക്കാറിനെ പിന്തുണക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാന്‍ വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ നടപടി പ്രാകൃതമെന്ന് പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആക്രമണം യുദ്ധകുറ്റമാണെന്നും അഷറഫ് ഗാനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: