തിരുവനന്തപുരം: ശത്രുരാജ്യങ്ങളിലുള്ളവര്പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് കേരളത്തില്‍ സിപിഎം രാഷ്ട്രീയ പ്രതിയോഗികളോട് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്പിള്ളിയില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നടക്കുന്നത് അരുംകൊലകളാണ്. ആരെയും വേദനിപ്പിക്കാത്ത മാതൃകാ സ്വയംസേവകനായിരുന്നു രാജേഷ്, പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരന്, ഒരു കുടുംബത്തെ അവര്‍ ആശ്രയമില്ലാത്തവരാക്കി മാറ്റി. 89 വെട്ടുകള്‍ വെട്ടി കഷണം കഷണമാക്കിയുള്ള നിഷ്ഠൂരമായ കൊലപാതകമാണ് നടത്തിയത്. സംഘപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച രാജേഷ് ആരെയും പ്രകോപിപ്പിച്ചിരുന്നില്ല. എന്നിട്ടും ഇത്രയും ക്രൂരമായി എന്തിനു കൊലപ്പെടുത്തി. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ടാണ് കേരളത്തിലുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല.
വികസനത്തിന് ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ ഓരോ സര്‍ക്കാരിനും മുന്നില്‍ വെല്ലുവിളിയാവേണ്ടത് ഇത്തരം അനുകൂലമായ സാധ്യതകളെ എങ്ങനെ സംസ്ഥാനത്തിനുവേണ്ടി പ്രയോജനപ്പെടുത്താമെന്നുള്ളതാണ്. എന്നാല്‍ ഇവിടെ രാഷ്ട്രീയ പ്രതിയോഗികളെ എങ്ങനെ ഉന്മൂലനം ചെയ്യാം എന്നത് നയമാക്കി പ്രവര്‍ത്തിക്കുന്ന ഭരണകക്ഷിയാണുള്ളത്, ജെയ്റ്റിലി കുറ്റപ്പെടുത്തി.
അടിച്ചമര്‍ത്താമെന്നത് വ്യാമോഹം
രാജ്യത്തെവിടെയെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്ന ചില പൊതുപ്രവര്‍ത്തകര്‍ കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമപരമ്പരകളില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ദേശീയ പ്രസ്ഥാനങ്ങളായ ബിജെപിയെയും ആര്‍എസ്എസിനെയും കേരളത്തില്‍ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. ഇത്തരം പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടവരാണ് സംഘപ്രവര്‍ത്തകര്‍. ഓരോ ബലിദാനിയുടെയും ജീവിതം മറ്റു പ്രവര്‍ത്തകരെ വര്‍ധിതവീര്യത്തോടെ മൂന്നോട്ടു നയിക്കും. അവരുടെ രക്ഷസാക്ഷിത്വം പ്രചോദനമാവണം. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരുടെ കുടുംബങ്ങളോടൊപ്പം എന്നും നിലകൊള്ളാന്‍ പ്രവര്‍ത്തകര്‍ക്കാവണം. പാര്‍ട്ടി കേന്ദ്രനേതൃത്വവും രാജ്യമൊട്ടാകെയുള്ള പ്രവര്‍ത്തകരും രാജേഷിന്റെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും ജെയ്റ്റിലി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എച്ച്. രാജ, എംപിമാരായ നളിന്‍കുമാര്‍ കാട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി എംടി രമേശ്, ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി സി തോമസ്, ആര്‍എസ്എസ് ദക്ഷിണ ഭാരത് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, ജില്ലാ സംഘചാലക് പി. ഗിരീഷ്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് സി. സജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. രാജേഷിന്റെ കുടുംബത്തിനുള്ള ബിജെപി എന്‍ആര്‍ഐ സെല്ലിന്റെ ധനസഹായം ചടങ്ങില്‍ കൈമാറി. കണ്ണമ്മൂലയില്‍ വെട്ടേറ്റുമരിച്ച യുവമോര്‍ച്ച നേതാവ് വിഷ്ണുവിന്റെ അമ്മയും വലിയമ്മയും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: