കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവും കേരളം അട്ടിമറിച്ചു. ഇ-പോസ് യന്ത്രങ്ങള്‍ വാങ്ങാനുള്ള ചുമതല അഞ്ചുമാസത്തിന് മുമ്പ് സിവില്‍ സപ്ലൈസ് കോര്‍പറേഷനെ (സപ്ലൈകോ) ഏല്‍പ്പിച്ചെങ്കിലും ഇതുവരെ നടപടി പൂര്‍ത്തിയാക്കിയില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മൂന്നുതവണ ടെന്‍ഡര്‍ ഉപേക്ഷിച്ചു.
റേഷന്‍ വിതരണത്തിലെ തിരിമറി തടയാനാണ് ഇ-പോസ് യന്ത്രങ്ങള്‍ നിര്‍ബന്ധമാക്കിയത്. കാര്‍ഡുടമകളുടെ വിരലടയാളം രേഖപ്പെടുത്തി സാധനങ്ങള്‍ നല്‍കുകയാണ് ഇ-പോസ് യന്ത്രങ്ങളുടെ ജോലി. യഥാര്‍ത്ഥ കാര്‍ഡുടമ തന്നെയാണോ റേഷന്‍ സാധനങ്ങള്‍ കൈപ്പറുന്നത് ഇതുവഴി അറിയാനാകും.
സംസ്ഥാനമൊട്ടാകെ 14500 ഓളം ഇ-പോസ് യന്ത്രങ്ങള്‍ വാങ്ങാനായിരുന്നു പരിപാടി. പിന്നീട്, ആദ്യഘട്ടത്തില്‍ കൊല്ലം ജില്ലയ്ക്ക് മാത്രമായി 1100 ഇ-പോസ് യന്ത്രങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. ഭക്ഷ്യഭദ്രതാ നിയമം ആദ്യം നടപ്പാക്കിയ ജില്ലയെന്ന പേരിലായിരുന്നു കൊല്ലത്തെ തിരഞ്ഞെടുത്തത്. പിന്നീട് മറ്റുജില്ലകളിലും യന്ത്രങ്ങള്‍ വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒരു ജില്ലയിലും യന്ത്രങ്ങള്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചില്ല.
ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ റേഷന്‍ കടക്കാര്‍ക്ക് മാസവേതനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി 350 കോടി രൂപ പ്രതിവര്‍ഷം അധികമായി വേണ്ടി വരും. ഇതും ഇ-പോസ് സ്ഥാപിക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
350 കാര്‍ഡുള്ള റേഷന്കടക്കാരന് പ്രതിമാസം 16,000 രൂപയും 2100 കാര്‍ഡുകള്‍ വരെ കൈകാര്യം ചെയ്യുന്ന റേഷന്‍ കടക്കാരന് മാസം 47,000 രൂപയും നല്‍കാനായിരുന്നു തീരുമാനം.
സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയ നേതാക്കള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്ക് മിനിമം വേതനം നല്‍കുന്നതിനോടോ ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനോടോ യോജിപ്പില്ലായിരുന്നു.
കരിഞ്ചന്തയിലേക്ക് റേഷന്‍ സാധനങ്ങള്‍ കടത്തുന്നതിന് ഒത്താശ ചെയ്യുന്നതിനുള്ള കൈക്കൂലി നിലയ്ക്കുമെന്നതായിരുന്നു കാരണം. ഇതേ ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി തന്നെയാണ് ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും തുരങ്കം വെയ്ക്കുന്നതെന്നാണ് സൂചന.
വാതില്‍പ്പടി വിതരണത്തില്‍ വീണ്ടും കരിഞ്ചന്ത ലോബി
കൊച്ചി: സാധനങ്ങള്‍ നേരിട്ട് റേഷന്‍ കടകളില്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണത്തിന്റെ രണ്ടാമത് നടന്ന ടെന്‍ഡറിലും കയറിക്കൂടിയതില്‍ ഏറെയും കരിഞ്ചന്ത ലോബി.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം വന്നപ്പോള്‍ പുറത്തായ മൊത്തവിതരണക്കാരാണ് കഴിഞ്ഞ ദിവസം നടന്ന ടെന്‍ഡറിലൂടെ വീണ്ടും എത്തിയതെന്നാണ് ആരോപണം.
ആദ്യഘട്ട ടെന്‍ഡറില്‍ കരിഞ്ചന്തക്കാര്‍ ഏറെയുണ്ടെന്ന് വിമര്‍ശനമുയരുകയും കയറ്റിറക്ക് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതോടെയാണ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: