തൃപ്രയാര്‍: ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തയുടെ ഒന്നര പവന്റെ മാല കവര്‍ന്ന സംഭവത്തില്‍ രണ്ട് തമിഴ് സ്ത്രീകളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോളനിയില്‍ താമസിക്കുന്ന രജനിയുടെ ഭാര്യ മേരി, മുരുകന്റെ ഭാര്യ റാണി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
നാലമ്പല ദര്‍ശനം നടത്തുന്നതിനിടെ ചേര്‍ത്തല തുറവൂര്‍ സ്വദേശി കോട്ടപ്പള്ളി രാജപ്പന്റെ ഭാര്യ വിജയലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. മാലയിലുണ്ടായിരുന്ന താലി നഷ്ടപ്പെട്ടില്ല.
ക്ഷേത്രത്തിനകത്ത് വെച്ച് മാല കാണാതായതോടെ വിവരം വീട്ടമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. തമിഴ് സ്ത്രീകളെ കുറിച്ച് ഇവര്‍ സംശയവും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ – ഇ.ആര്. ബൈജുവും സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മാല കവര്‍ന്നത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചത്.
തുടക്കത്തില്‍ പേരും, വിലാസവും മാറ്റിപ്പറഞ്ഞ് പോലീസിനെ കുഴയ്ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. മോഷ്ടിച്ച മാല കണ്ടെടുക്കാനായില്ല. ഇത് ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് കൈമാറിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: