തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ ധര്‍ണ നടത്തി. കര്‍ഷക സമിതി പ്രസിഡന്റ് സാം ഈപ്പന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ സീസണില്‍ കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഉടന്‍ വിതരണം ചെയ്യുക, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പമ്പിംഗ് തുക അനുവദിക്കുക, നെല്ലിന്റെ ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, കര്‍ഷക പെന്ഷന് കുടിശിക വിതരണം ചെയ്യുക, പാഡി ബോര്‍ഡ് രൂപീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ധര്‍ണ സമരത്തില്‍ ഉന്നയിച്ചു.
അപ്പര്‍കുട്ടനാട് കര്‍ഷക സമിതി സെക്രട്ടറി ആര്.മധുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, എന്നിവര്‍ പ്രസംഗിച്ചു.
ധര്‍ണ സൂചനാ സമരം മാത്രമാണെന്നും, കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കാത്ത പക്ഷം കര്‍ഷക സമൂഹത്തെ ഒന്നടങ്കം സംഘടിപ്പിച്ച് സമരപരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് സാം ഈപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: