എം. വെങ്കയ്യ നായിഡു എന്ന മുപ്പാവരപു വെങ്കയ്യ നായിഡു രാഷ്ട്രീയക്കാരനാവാന്‍ ജനിച്ചവനാണ്. അല്ലായിരുന്നെങ്കില്‍ സമര്‍ത്ഥനായ കൃഷിക്കാരനോ പ്രഗല്ഭനായ വക്കീലോ ആവേണ്ടതായിരുന്നു.
പാവപ്പെട്ട കൃഷീവല കുടുംബത്തില്‍ ജനിച്ച വെങ്കയ്യ, നെല്ലൂര്‍ വി.ആര്. കോളജില്‍നിന്ന് ബിരുദമെടുത്തശേഷം വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്സിറ്റി കോളജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കിയിരുന്നു.
ഇന്നത്തെ ബിജെപിയിലെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളേയുംപോലെ വെങ്കയ്യയുടെ പൊതുജീവിതത്തിന്റെ തുടക്കവും ആര്‍എസ്എസിലൂടെയായിരുന്നു. എബിവിപിയുടെ തീപ്പൊരി വിദ്യാര്‍ത്ഥിനേതാവായി മാറിയതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള പാത തെളിഞ്ഞത്.
രാജ്യത്ത് പ്ലേഗുപോലെ പടര്‍ന്നുപിടിച്ച അഴിമതിക്കെതിരെ ജയപ്രകാശ് നാരായണ്‍ നയിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായ വെങ്കയ്യ അടിയന്തരാവസ്ഥയില്‍ ജയിലിലടയ്ക്കപ്പെട്ടു. ഇതിനകം ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തില്‍ അംഗമായിരുന്നു.
ദക്ഷിണേന്ത്യയില്‍ ഭാരതീയ ജനസംഘം ഒട്ടും ശക്തമല്ലാതിരുന്ന കാലത്ത് 1978-ല്‍ ജനസംഘം ലയിച്ച ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ആന്ധ്രയിലെ ഉദയഗിരി മണ്ഡലത്തില്‍നിന്ന് വെങ്കയ്യ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോഴായിരുന്നു ഈ അത്ഭുതം. 1983-ല്‍ എന്‍ടിആര്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ വെങ്കയ്യ ഇവിടെനിന്ന് ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ വെങ്കയ്യ മികച്ച സംഘാടകനാണെന്ന് തെളിയിച്ചു. 2002 ല്‍ ബിജെപി ദേശീയ അധ്യക്ഷനാവുമ്പോള്‍ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അന്ന് 52 വയസ്സുണ്ടായിരുന്ന വെങ്കയ്യ.
”അടല്‍ബിഹാരി വാജ്പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നടുവിലായി വേദിയിലിരിക്കുമ്പോള്‍ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. ഈ രണ്ടുപേരെയും ആരാധിച്ചാണ് ഞാന്‍ വളര്‍ന്നുവന്നത്. ഇവരുടെ പോസ്റ്ററുകള്‍ ചുമരിലൊട്ടിച്ചുനടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്” എന്നാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വെങ്കയ്യ പറഞ്ഞത്.
ബിജെപിയിലായതുകൊണ്ടു മാത്രമാണ് പാവപ്പെട്ട കര്‍ഷകകുടുംബത്തില്‍ പിറന്ന എന്നെപ്പോലൊരാള്‍ക്ക് ഈ നിലയിലെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുകയുണ്ടായി. 2004 വരെ ഈ പദവിയില്‍ തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.
ഒരിക്കല്‍പ്പോലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത വെങ്കയ്യ നാലുതവണ രാജ്യസഭാംഗമായി; മൂന്നുതവണ കര്‍ണ്ണാടകയില്‍നിന്നും ഒരുതവണ രാജസ്ഥാനില്‍നിന്നും. വാജ്പേയി സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. മോദി സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യമന്ത്രിയും നഗരവികസന മന്ത്രിയുമായി. പിന്നീട് വാര്‍ത്താവിതരണത്തിന്റെ അധികചുമതല വഹിച്ചപ്പോഴും നഗരവികസന വകുപ്പിന് മാറ്റം വന്നില്ല.
ബിജെപിക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയെന്ന നിലയില്‍ വെങ്കയ്യയ്ക്ക് കഴിഞ്ഞു.
ഏത് കൊടുങ്കാറ്റിലും കുലുങ്ങാതെ നിന്ന് സര്‍ക്കാരിനുവേണ്ടി വീറോടെ വാദിച്ച് പ്രതിപക്ഷത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കും. വാക്കുകള്‍കൊണ്ടുള്ള തന്റെ ആക്രമണത്തില്‍ സഭയിലിരുന്ന് ഞെൡപിരി കൊള്ളുന്ന നേതാക്കളുമായി സഭ പിരിഞ്ഞാല്‍ സൗഹൃദത്തിലാവാനും ചര്‍ച്ച നടത്താനും വെങ്കയ്യക്ക് യാതൊരു പ്രയാസവുമില്ലായിരുന്നു.
പൊതുവെ ശാന്തനായിരിക്കുന്ന വെങ്കയ്യ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ടിവരുമ്പോള്‍ ഈറ്റപ്പുലിയെപ്പോലെ ചീറുന്നതിന് പാര്‍ലമെന്റ് പലപ്പോഴും സാക്ഷ്യംവഹിച്ചിട്ടുണ്ട്. വെങ്കയ്യ പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെ സുപ്രധാനമായ പല നിയമനിര്‍മ്മാണങ്ങളും നടന്നു. റിയല്‍ എസ്റ്റേറ്റ് ആക്ട്, ജിഎസ്ടി എന്നിവ ഇവയില്‍ ചിലതാണ്.
പ്രാസമൊപ്പിച്ച് പ്രസംഗിക്കുന്നതില്‍ പേരുകേട്ട വെങ്കയ്യ ‘MODI’ എന്നതിനെ വിശദീകരിക്കുന്നത് ‘Making Of Developed India’ എന്നാണ്. നഗരവികസനമന്ത്രിയെന്ന നിലയില്‍ സ്മാര്‍ട്ട് സിറ്റി മിഷന്, അടല്‍ മിഷന്, സ്വച്ഛ്ഭാരത് മിഷന്, എല്ലാവര്ക്കും വീട് പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്കി. ‘പ്രധാനമന്ത്രി ഗ്രാമ സഡക് യോജന’ എന്ന ജനകീയ പദ്ധതി ഗ്രാമവികസനമന്ത്രിയെന്ന നിലയില്‍ വെങ്കയ്യയുടെ സംഭാവനയാണെന്നു പറയാം.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് പറഞ്ഞ വെങ്കയ്യ പക്ഷേ വേദനയോടെയാണ് പാര്‍ട്ടി വിട്ടത്. പിറന്ന് ഒന്നര വയസ്സാകുന്നതിന് മുന്‍പ് അമ്മയെ നഷ്ടപ്പെട്ട തനിക്ക് അമ്മയുടെ സ്നേഹം തന്ന് വളര്‍ത്തിയത് പാര്‍ട്ടിയാണെന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ടുകാലത്തെ പരിചയമുള്ള വെങ്കയ്യ പുതിയ പദവിയെ കാണുന്നത് ആത്മവിശ്വാസത്തോടെയാണ്. ”ഉപരാഷ്ട്രപതി പദവി വ്യത്യസ്തമായ ഒന്നാണ്. വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് ആവശ്യപ്പെടുന്നത്. ഈ പദവിയോട് നീതി ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.” ഡോ.എസ്. രാധാകൃഷ്ണന്, സക്കീര്‍ ഹുസൈന്, എം. ഹിദായത്തുള്ള, ആര്. വെങ്കിട്ടരാമന്, ശങ്കര്‍ദയാല്‍ ശര്‍മ, ഭൈരോണ്‍ സിങ് ഷെഖാവത്ത് തുടങ്ങിയവര്‍ വഹിച്ച പദവിയില്‍ തിളങ്ങാന്‍ അനുഭവസമ്പന്നനായ വെങ്കയ്യയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ അദ്ദേഹത്തെ അടുത്തറിയാവുന്ന ആര്‍ക്കും സംശയമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: