കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഏഴുപേരാണ് രോഗലക്ഷണങ്ങളോടെ ഇവിടെ ചികിത്സയിലുള്ളത്. മാവൂര്‍ തെങ്ങിലക്കടവിലെ വാടകമുറിയില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളികള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ബുധനാഴ്ച യാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവും ഛര്‍ദിയും രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇവരുടെ വിസര്‍ജ്ജ്യം പരിശോധിച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് കോളറയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മുഹമ്മദ് ഔറുല്‍ ഹുസൈന്, ആഷിക് ഹുസൈന്, ബുല്‍ബുല്‍ ഷേക്, മുഹമ്മദ് റുബേല്മുല്ല, ഷേക്ക് അമീനുല്ഇസ്ലാം, കൗസര്അലി, രാക്കിമ്പോല് എന്നിവരാണ് ചികിത്സയിലുള്ളത്.
ഡെങ്കിപ്പനി,ഡിഫ്തീരിയ, മലേറിയ രോഗങ്ങള്‍ക്കൊപ്പം കോളറകൂടി ജില്ലയില്‍ കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നു. പനി നിയന്ത്രണവിധേയമായിട്ടില്ല. ആയിരത്തിലധികം പേര് പകര്ച്ചപനിയെതുടര്ന്ന് ദിവസേന സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സതേടുന്നു. ഡെങ്കി കേസുകളും എല്ലാദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗബാധിത മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ജില്ലയില്‍ ഒരാള്‍ക്കാണ് കഴിഞ്ഞവര്‍ഷം കോളറ സ്ഥിരീകരിച്ചിരുന്നത്. 2012ല്‍ ആറുകേസുകളും 2011ല്‍ രണ്ട് കേസുകളുമാണുണ്ടായിരുന്നത്. പകര്‍ച്ചപനിയെ തുടര്‍ന്ന് 1291പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ചികിത്സതേടിയത്. ഇതില്‍ 36പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. 14പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: