കൊച്ചി: വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരുടെ ടെന്റ് കത്തിച്ച കേസില്‍ നെയ്യാറ്റിന്‍കര മുന്‍ എംഎല്‍എ ശെല്‍വരാജിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ആര്‍ ശെല്‍വരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ശെല്‍വരാജ് 2012ല്‍ കോണ്‍ഗ്രസിലേക്ക് മാറി. തുടര്‍ന്ന് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജ് തന്നെ വിജയിച്ചു. സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടിയിലെത്തിയ ശെല്‍വരാജിനു ഭീഷണിയുണ്ടെന്ന് വിലയിരുത്തി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വീടിനു സമീപം ഒരു ടെന്റ് നിര്‍മ്മിച്ച് ഇതിലായിരുന്നു പൊലീസിന്റെ താമസം. പിന്നീട് ഭീഷണിയൊഴിഞ്ഞതോടെ പോലീസ് സുരക്ഷ ഒഴിവാക്കി. എന്നാല്‍ ടെന്റ് മാറ്റിയിരുന്നില്ല. 2013 മാര്‍ച്ച് 29 ന് രാത്രി എട്ടരയോടെ ടെന്റ് കത്തി നശിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവ സമയത്ത് തന്റെ ഗണ്‍മാനായിരുന്ന പോലീസുകാരനെ ക്രൈംബ്രാഞ്ച് നാലു തവണ ചോദ്യം ചെയ്‌തെന്നും ടെന്റ് കത്തിച്ച സംഭവത്തില്‍ ശെല്‍വരാജിന് പങ്കുണ്ടെന്ന് മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: