പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിന്റെ മലയോര മേഖലകളില്‍ മൊബൈല്‍ ഫോണിന് റെയിഞ്ച് ലഭിക്കുന്നില്ലെന്ന് പരാതി.
അമരമ്പലം ഗ്രാമ പഞ്ചായത്തിലെ പാട്ടക്കരിമ്പ്, തേള്‍പ്പാറ, പൊട്ടിക്കല്ല്, ടി.കെ കോളനി എന്നിവിടങ്ങളിലാണ് റെയിഞ്ച് ഇല്ലാത്തതിനാല്‍ ആശയ വിനിമയം തടസമാകുന്നത്. പൂക്കോട്ടും പാടത്തെ ടെലിഫോണ്‍ എക്സേഞ്ച് പരിധിയില്‍ കവള മുക്കട്ടയിലെ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ടവറിനു കീഴിലുള്ള പ്രദേശങ്ങളിലാണ് റെയിഞ്ച് കുറവുള്ളത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പൊട്ടിക്കല്ല് ഒരു ടവര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഭാഗത്തു നിന്നും റേഡിയേഷന് പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് ടവര്‍ സ്ഥാപിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്മാറുകയായിരുന്നു.
ഇപ്പോള്‍ നാട്ടുകാര്‍ക്ക് ആശയ വിനിമയം നടത്താനാവാത്ത സ്ഥിതിയാണുള്ളത്.
മലയോര മേഖലയായ ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ നിരന്തരം എത്തിയിരുന്നതിനാല്‍ റെയിഞ്ച് അല്പം കുറച്ചിരുന്നതായും നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഏതൊരു ആപല്‍ഘട്ടത്തിലും ടെലിഫോണ്‍ ആവശ്യമുള്ള ഈ കാലത്ത് പ്രാകൃത സമൂഹം പോലെ ജീവിക്കാനാണ് തങ്ങളുടെ വിധിയെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മൊബൈല്‍ ഫോണിന് റെയിഞ്ച് കിട്ടാത്തതിനാല്‍ കല്യാണം മുടങ്ങിയ സംഭവവും ജോലി നഷ്ടപ്പെട്ട സംഭവവും പ്രദേശത്ത് ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അധികാരികള്‍ ഇടപെട്ട് മലയോര നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: