കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലം സമ്പൂര്‍ണ പ്ലാസ്റ്റിക് കാരിബാഗ് വിമുക്ത മണ്ഡലമാകുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 45000 ത്തോളം വീടുകളിലും ജനകീയ പങ്കാളിത്തതോടെ തുണിസഞ്ചി തയാറാക്കി വിതരണംചെയ്യുന്ന എല്ലാവരും തുണി സഞ്ചിയുമായി എന്ന പദ്ധതി 6ന് മുണ്ടേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡല വികസന പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടുകളിലേക്കും വേണ്ടുന്ന സഞ്ചിക്ക് ആവശ്യമായ തുണി അതത് വീടുകളില്‍നിന്ന് ശേഖരിച്ച് സഞ്ചികളാക്കി തയിച്ചുനല്കുകയാണ് ചെയ്യുക. ഇതിനായി സഞ്ചി നിര്‍മിക്കാന്‍ പറ്റുന്ന രീതിയിലുള്ള തുണികള്‍ അലക്കി വൃത്തിയാക്കി വീട്ടുകാര്‍ നല്‍കണം. സാരികള്‍, നേരിയ ബെഡ്ഷീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഇതിനായി ഉപയോഗപ്പെടുത്തും. സഞ്ചിക്ക് ആവശ്യമായ തുണി ശേഖരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം 6 ന് മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് തെരുവില്‍ നടക്കും. രാവിലെ 9 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വീടുകളിലും തുണിസഞ്ചികള്‍ എത്തിക്കും. തുടര്‍ന്ന് ഗാന്ധിജയന്തി ദിനത്തില്‍ മുഴുവന്‍ വീടുകളിലും തുണിസഞ്ചി എത്തിയതിന്റെ പ്രഖ്യാപനവും നടത്തും. വീട്ടുകാരില്‍നിന്ന് സഞ്ചി തയിക്കാനുള്ള നാമമാത്ര തുക ഈടാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതോടൊപ്പം പ്ലാസ്റ്റിക് ക്യാരിബാഗ് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചുള്ള ലഘുലേഖാ പ്രചാരണവും നടത്തും. ഓരോ വീടുകളിലും ലഘുലേഖകള്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ വിതരണം ചെയ്യുമെന്ന് നിയോജകമണ്ഡലം വികസനസമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന് പറഞ്ഞു. ഇതുമായി ബന്ധപ്പട്ട് നടത്തിയ പത്രസമ്മേളനത്തില്‍ യു.ബാബു ഗോപിനാഥ്, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ എം.സുജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: