തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്കായി നാളെമുതല്‍ അപേക്ഷിക്കാം.
www.elrs.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡു ചെയ്യുകയാണ് ആദ്യപടി. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബാങ്കിനു സമര്‍പ്പിക്കണം. ബാങ്കിന്റെ പരിശോധന തീരുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വിഹിതം അടച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ വിഹിതം ബാങ്കിനു നല്‍കും.
ആറു ലക്ഷം രൂപയാണ് അപേക്ഷകരുടെ വരുമാനപരിധി. നഴ്സിംഗിനൊഴികെ മറ്റു കോഴ്സുകള്‍ക്കൊന്നും മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ല. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുകയില്ല.
വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 2 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗുണഭോക്താക്കളായ കുട്ടികള്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷയായിരിക്കും. മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്ക്, പ്രൊഫ.സി.രവീന്ദ്രനാഥ്, എംഎല്‍എ വി.എസ്.ശിവകുമാര്‍, എം.എ. വിദ്യാമോഹന്‍, ജി.കെ. മായ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: