ഇടുക്കി: ഏഴ് മാസമുള്ള മകനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവ്. ഇടുക്കി കരുണാപുരം ബാലഗ്രാം സ്വദേശി സമീറുദ്ദീ(സമീര്‍-29)നെയാണ് ശിക്ഷിച്ചത്.
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. ജില്ലാ സ്പെഷ്യല്‍ കോടതി (പോസ്കോ) ജഡ്ജി കെ ആര്. മധുകുമാറാണ് ഇന്നലെ ശിക്ഷവിധിച്ചത്.
2011 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശില്‍ വ്യാപാരസംബന്ധമായി കുടുംബസമേതം കഴിഞ്ഞ് വരികയായിരുന്നു. പ്രതിയുടെ ഭാര്യയായ റിനീസിന്റെ നെടുങ്കണ്ടം ചെമ്പളം ചിറയില്‍ വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ ഇവര്‍ ഇവിടെ താമസിച്ച് വരികയായിരുന്നു. മധ്യപ്രദേശിലേക്ക് തിരിച്ച് പോകുന്നതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
അനുജത്തിയുടെ വിവാഹം കഴിഞ്ഞ് മടങ്ങിപോകാമെന്നാണ് റിനീസ ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഇത് ഇഷ്ടപ്പെടാതെ പ്രതി അവസരം നോക്കി ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് വീടിനുള്ളില്‍ വച്ച് മകന്റെ നെറ്റിഭാഗത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ടെത്തിയ റിനീസയെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
കൊലപാതകത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ പിഴയും കൊലപാതക ശ്രമത്തിന് പത്ത് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുവഭിക്കേണ്ടി വരും. നെടുങ്കണ്ടം സിഐമാരായിരുന്ന എ ജെ ജോര്‍ജ്ജ്, എ കെ വിശ്വനാഥന് എന്നിവര്‍ അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റ്റി. എ. സന്തോഷ് തേവര്കുന്നേലാണ് കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: