ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയെ തള്ളിയിട്ട് കാലൊടിഞ്ഞ സംഭവത്തില്‍ ആരോപണ വിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ ദേവസ്വം സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പരാതി പറയാനെത്തിയവരെ അവഹേളിച്ച് സംസാരിച്ച ജീവനക്കാരിയെ സ്ഥലം മാറ്റുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന് സി.ശിവശങ്കരനെയാണ് ദേവസ്വം ഭരണസമിതി യോഗം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇന്‍ഷൂറന്‍സ് ജീവനക്കാരിയായ യു.ഡിക്ലാര്‍ക്ക് കെ.എന്‍.ജയശ്രീക്കാണ് സ്ഥലമാറ്റം. എരമംഗലം സ്വദേശി കുഞ്ഞുലക്ഷ്മിയെ കഴിഞ്ഞ മാസമാണ് ജീവനക്കാരന് തള്ളിയിട്ടത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗം കുറ്റക്കാരായ സെക്യൂരിറ്റി ജീവനക്കാരനെയും യു.ഡിക്ലാര്ക്കിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ദേവസ്വം ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കം ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞുലക്ഷ്മിയുടെ ബന്ധുക്കളും ഭക്തസംഘടനകളും അഡ്മിനിസ്ട്രേറ്ററെ ഉപരോധിക്കുകയും ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയുമുണ്ടായി. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ഭരണസമിതിയോഗം നടപടി കര്‍ശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: