തിരുവല്ല: പതിറ്റാണ്ടുകളായി ചവറുനിറഞ്ഞുകിടക്കുന്ന നഗരത്തിലെ മൂന്ന് തോടുകള്‍ നവീകരിക്കാന്‍ ജലവിഭവ വകുപ്പ് പദ്ധതിയിടുമ്പോള്‍ ആശങ്കകളും ശക്തമാകുന്നു. മുല്ലേലി തോട്, ചന്ത തോട്, തിരുവമ്പാടി തോട് എന്നിവയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
88 ലക്ഷം രൂപയുടെ ശുചീകരണ ജോലികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. മൊത്തം പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് പണികള്‍. മൂന്നു തോടുകളും അനവധി ചെറിയ ചാലുകളോടെയാണ് നഗരത്തിലൂടെ ഒഴുകുന്നത്. എല്ലാ ചാലുകളും സമീപപഞ്ചായത്തുകള്‍ കടന്നാണ് പമ്പാനദിയില്‍ പതിക്കുന്നത്. തോടുകളുടെ ഒരുഭാഗത്തുമാത്രം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ ഗുണകരമാവില്ലെന്ന എതിര്‍വാദം പദ്ധതിയെ ചൂടുപിടിപ്പിക്കുന്നു.
അനുബദ്ധ ജലശ്രോതസുകളായ കോട്ടത്തോട് അടക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് ഇപ്പോള്‍ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നഗരത്തിലെ ചാലുകളെല്ലാം നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളുമായി ബന്ധപ്പെട്ടവയാണ്.പ്രാദേശികമായി തോടുകള്‍ക്ക് പേരുമാറുന്നുണ്ടെങ്കിലും മണിമലയാറില്‍നിന്ന് തുടങ്ങി പടിഞ്ഞാറ് പമ്പാനദിയില്‍ പതിക്കുന്നതാണ് ഇവയെല്ലാം.കിഴക്കുഭാഗത്തുളള നഗരസഭാ പ്രദേശത്തുനിന്നാണ് പടിഞ്ഞാറേക്ക് വെള്ളപ്പൊക്ക സമയത്ത് ഒഴുക്ക്. നഗരസഭാ പ്രദേശത്തെ മാത്രം തോടുകള്‍ ശുചീകരിക്കപ്പെടുമ്പോള്‍ മാലിന്യങ്ങള്‍ തടസമില്ലാതെ പഞ്ചായത്തുപ്രദേശത്തേക്ക് ഒഴുകിയെത്തും. പഞ്ചായത്തുകളില്‍ ഇവ നീക്കുന്നതിന് ഒരു സംവിധാനവുമില്ല.
ചന്തത്തോടും മുല്ലേലിത്തോടും തിരുവമ്പാടിയുമെല്ലാം പെരിങ്ങരയിലെ വേങ്ങല്‍ തോട്ടിലേക്കും ചാത്തങ്കരിതോട്ടിലേക്കും എത്തിയാണ് ആറ്റില്‍ പതിക്കുന്നത്.ജലനിരപ്പ് താഴുമ്പോള്‍ നെടുമ്പ്രം ഭാഗത്തേക്കുള്ള വൈക്കത്തില്ലം, വാളകത്തില്‍ തോടുകളിലേക്ക് തിരിച്ചൊഴുക്കും ഉണ്ടാകും. നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടയെല്ലാം പരക്കാന്‍ സാധ്യത ഉള്ളതായി വിലയിരുത്തുന്നു.നാലടി ഉയരത്തില്‍ ഈ തോടുകളില്‍ ഊള അടിഞ്ഞുകിടപ്പുണ്ട്. ഇവ ജെ.സി.ബി. ഉപയോഗിച്ച് വാരാനാകില്ല. വെള്ളത്തില്‍ കലങ്ങിനില്‍ക്കുന്ന ഊള പിന്നീട് തിരികെ അടിത്തട്ടില്‍ അടിയും.മോട്ടോര്‍ ഉപയോഗിച്ച് വെള്ളവും ചെളിയും നീക്കുന്ന പണികൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകും.
പടിഞ്ഞാറുനിന്ന് തോടുകള്‍ മേല്പോട്ടുള്ള ഭാഗത്തേക്ക് നവീകരിക്കുക, ഒരുതോട് തുടക്കം മുതല്‍ ഒടുക്കം വരെ എന്ന രീതിയില്‍ നവീകരിക്കുക, കൂടുതല്‍ ഫണ്ട് അനുവദിച്ച് തുടര്‍ഭാഗങ്ങള്‍ ശുചീകരിക്കുക എന്നീ ബദല്‍ നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്. മൂന്നു തോടുകളിലെയും അടിഞ്ഞുകൂടിയ കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ സമീപത്തെ കരയിലേക്കു തന്നെയാണ് ഇപ്പോള്‍ വാരിയിടുക. ഇവ സംസ്കരിക്കാന്‍ പദ്ധതിയില്‍ ഇടമില്ല.മൂന്ന് തോട്ടിലും മദ്യക്കുപ്പികളും ഡയപ്പര്‍ പോലെയുള്ള അജൈവമാലിന്യങ്ങളും കൂടിക്കിടപ്പുണ്ട്. തോടിന്റെ അടിത്തട്ട് 55 സെന്റീമീറ്റര്‍ മാത്രമാണ് താഴ്ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: