നിലമ്പൂര്‍: ഒരു ഇടവേളക്ക് ശേഷം മാവോയിസ്റ്റുകള്‍ ജനവാസകേന്ദ്രത്തിലെത്തിയത് മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തുന്നു.
വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത്. പോലീസുമായി വെടിവെയ്പ്പുണ്ടായ കരുളായി ഒണക്കപ്പാറക്ക് സമീപമുള്ള കോളനിയാണിത്. മാവോയിസ്റ്റ് നേതാവായ സോമനും ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു.
മഴക്കോട്ട് ധരിച്ച് കോളനിയിലെത്തിയ സംഘം ഭരണകൂട ഭീകരതക്കെതിരെയും പോലീസിനെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കോളനിനിവാസികള്‍ക്ക് ക്ലാസെടുത്തു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ മാവോവാദികള്‍ രക്തസാക്ഷി വാരാചരണം നടത്തിവരികയാണ്. സോമനാണ് ക്ലാസ് നയിച്ചത്.
തുടര്‍ന്ന് കോളനിയിലെ ഗിരിജന്‍ സൊസൈറ്റി കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോസ്റ്ററുകളും പതിച്ചു. നീല, ചുവപ്പ് നിറത്തില്‍ പേനകൊണ്ട് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. നിലമ്പൂര്‍ കാട്ടില്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് കണക്ക് ചോദിക്കുമെന്നും തങ്ങളെ ഒറ്റിക്കൊടുത്തവരോട് കണക്ക് തീര്‍ക്കുമെന്നും പോസ്റ്ററുകളിലുണ്ട്. കോളനിയിലെ വിജയന് എന്നയാളുടെ വീട്ടില്‍ നിന്നും പത്ത് കിലോയോളം അരി ശേഖരിച്ചാണ് സംഘം മടങ്ങിയത്.
വിവരം അറിഞ്ഞ് പിറ്റേദിവസം രാവിലെ പോലീസും തണ്ടര്‍ബോള്‍ട്ടും കോളനിയിലെത്തി പരിശോധന നടത്തി. ഫോട്ടോ കാണിച്ചതില്‍ നിന്ന് സംഘത്തിലെ സോമനെ കോളനിനിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോളനിക്ക് സമീപത്തുള്ള പുഞ്ചക്കൊല്ലി റബ്ബര്‍ പ്ലാന്റേഷനില്‍ 31ന് തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ തന്നെ മാവോവാദി സംഘം എത്തിയിരുന്നു. വിറക് ശേഖരിക്കാന്‍ തോട്ടത്തില്‍ കയറിയ രവീന്ദ്രന് സംഘത്തിന് മുന്നില്‍പ്പെടുകയും ഇയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി മാവോയിസ്റ്റുകള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ആദിവാസിയാണെന്ന് അറിഞ്ഞതോടെ വിട്ടയച്ചു. കോളനിയിലെത്തുമെന്നും ഇയാളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം ഇയാള്‍ കോളനിക്കാരോട് പറഞ്ഞിരുന്നില്ല.
വെടിവെയ്പ്പിന് ശേഷം നിലമ്പൂര്‍ മേഖലയിലെ കോളനികളില്‍ ആദ്യമായാണ് മാവോവാദികളെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: