കൊല്ലം: സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റം. ഒരു മാസത്തിനുള്ളില്‍ ഒരേ ജീവനക്കാരെ രണ്ടു തവണ സ്ഥലംമാറ്റി വ്യത്യസ്തത സൃഷ്ടിക്കുന്നു വകുപ്പ്. മന്ത്രിയെ നോക്കുകുത്തിയാക്കി യൂണിയന്‍ നേതാക്കളാണ് ഇതിനു പിന്നില്‍.
ജൂലൈയില്‍ മാത്രം 1,510 ജീവനക്കാരെ സ്ഥലംമാറ്റി. ഇതില്‍ 111 പേരെ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മാറ്റി. ജൂലൈയിലെ മിക്ക പ്രവൃത്തി ദിവസങ്ങളിലും സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയെങ്കിലും കൂടുതല്‍ ഉത്തരവ് ഇറക്കിയത് അഞ്ച്, ഏഴ്, 15, 21, 22 തീയതികളില്‍.
അഞ്ചാം തീയതി 369 ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരെ സ്ഥലം മാറ്റി. ഇതില്‍ 87 പേരെ 24ന് വീണ്ടും മാറ്റി. ഏഴാം തീയതി 113 ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഓവര്‍സിയര്‍മാര്‍, 423 ക്ലര്‍ക്ക്/സീനിയര്‍ ക്ലര്‍ക്കുമാര്‍ക്കായിരുന്നു സ്ഥലംമാറ്റം.
ഇതില്‍ ഒമ്പത് ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഓവര്‍സീയര്‍മാരെയും 15 ക്ലര്‍ക്ക്/സീനിയര്‍ ക്ലര്‍ക്കുമാരെയും പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും മാറ്റി. 15ന് 129 തേഡ് ഗ്രേഡ് ഓവര്‍സിയര്‍, 21ന് 153 അസിസ്റ്റന്റ് എന്‍ജിനീയര്‍, 22ന് 128 ടൈപ്പിസ്റ്റ്, 17ന് 45 അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കും സ്ഥാനചലനം.
വകുപ്പില്‍ എല്ലാം സുതാര്യമെന്ന മന്ത്രിയുടെ പ്രഖ്യാപനം കളിവാക്കെന്നു തെളിയിച്ച് ഭരണപക്ഷ യൂണിയന്‍ നേതാക്കളുടെ താത്പര്യപ്രകാരമാണ് നടപടികള്‍. ഒരു മാസത്തിനുള്ളില്‍ രണ്ടു സ്ഥലം മാറ്റത്തിന് വിധേയരാകേണ്ടിവന്നവര്‍ യൂണിയന്‍ നേതാക്കളുടെ അപ്രീതിക്ക് ഇരയായവരാണ്. രോഗികളായവരും ഇക്കൂട്ടത്തിലുണ്ട്.
പൊതുസ്ഥലംമാറ്റത്തിനു നല്‍കിയ അപേക്ഷ പരിഗണിക്കാതെയാണ് ഈ നടപടികള്‍. പാര്‍ട്ടിപത്രത്തിന്റെ വരിക്കാരാകാത്തവരും യൂണിയന്‍ ഫണ്ട് നല്‍കാത്തവരുമൊക്കെ ഇരകളാകും. ഇത്തരക്കാരെ ദൂരസ്ഥലങ്ങളിലേക്കും മാറ്റുന്നതും പതിവ്.
എതിര്‍ചേരിയില്‍പ്പെട്ടവരെ ദ്രോഹിച്ചപ്പോള്‍ താത്പര്യക്കാരെ സംരക്ഷിക്കാനും യൂണിയന്‍ നേതാക്കള്‍ തയാറായി. മൂന്നു വര്‍ഷത്തിലധികം ഒരു സ്ഥലത്ത് പാടില്ലെന്ന ചട്ടം ലംഘിച്ച് പത്തു വര്‍ഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുണ്ട്.
മൂന്നു വര്‍ഷം കഴിയുമ്പോള്‍ അതേ ഓഫീസില്‍ തന്നെ മറ്റു വിഭാഗത്തിലേക്ക് സ്ഥലംമാറ്റം നല്‍കിയാണ് ഇവരെ സംരക്ഷിക്കുന്നത്. ഫലത്തില്‍ ഇവര്‍ ഒരേ ഓഫീസില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ചീഫ്എഞ്ചീനിയര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും മന്ത്രിയെയോ യൂണിയന്‍ നേതാക്കളെയോ കാണാനുള്ള മറുപടിയാണ് ലഭിച്ചത്.
















