തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ അരുംകൊലയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് അഡ്വ എല്‍. മുരുഗന് റിപ്പോര്‍ട്ട് തേടി. മൂന്നുദിവസത്തിനകം കൊലപാതകം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്സെക്രട്ടറി, പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ഒരു പട്ടികജാതിക്കാരന് കൊല്ലപ്പെട്ടാല്‍ 8.25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് നിയമം
. ഇതില്‍ 4,12,500 രൂപ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വീട്ടിലെത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറണം. ഇത് രാജേഷിന്റെ കുടുംബത്തിന് ഇതുവരെയും കിട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇത് നല്‍കേണ്ടത്. ബാക്കി തുക കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
രാജേഷിന്റെ വിധവയ്ക്ക് പ്രതിമാസം 5000 രൂപ വീതം പെന്ഷന് നല്‍കണം. കൂടാതെ മക്കളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. കുടുംബത്തിന് ആവശ്യമായ കൃഷി ഭൂമിയും താമസിക്കാന്‍ വീടും നല്‍കണം. രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണാനന്തരം കുടുംബത്തിന് 25 ലക്ഷം രൂപ ക്യാബിനറ്റ് യോഗത്തില്‍ വച്ച് പാസ്സാക്കിയതുപോലെ രാജേഷിന്റെ കാര്യത്തിലും ചെയ്യണം, അദ്ദേഹം ആവശ്യപ്പെട്ടു.
രാജേഷിന്റെ ഇളയസഹോദരന് രാജീവിന്റെ ജീവനും ഭീഷണിയുണ്ട്. അതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരും പോലീസുദ്യോഗസ്ഥരും അടക്കം ഇക്കാര്യത്തിലെല്ലാം തുടര്‍ച്ചയായി അലംഭാവം കാണിക്കുകയാണ്. ദേശീയ പട്ടികജാതി കമ്മീഷന് സര്‍ക്കാര്‍ നടപടികള്‍ വളരെ ഗൗരവത്തില്‍ വീക്ഷിക്കുന്നുണ്ടെന്നും മുരുഗന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: