ചെര്‍പ്പുളശ്ശേരി: സിപിഎം ഭരിക്കുന്ന നെല്ലായ പഞ്ചായത്തില്‍ പ്രസിഡന്റ് എന്‍.ജനാര്ദ്ധനനെതിരെ അഴിമതി ആരോപണം. നെല്ലായയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി അംഗവുമാണ് എന്‍.ജനാര്ദ്ദനന്.
പഞ്ചായത്തില്‍ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട് പ്രസിഡന്റ് എന്‍. ജനാര്ദ്ധനന് കമ്മീഷനായി വന്‍ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നു. നെല്ലായ മാവുണ്ടരിക്കടവ് റോഡില്‍ കയ്യേറ്റം ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് കെട്ടിട നമ്പര്‍ അനുവദിച്ചതും പണം വാങ്ങിയാണെന്നും ആരോപണമുണ്ട്.
ചൊവ്വാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. അജണ്ടയല്ലാതിരുന്ന ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട് പ്രസിഡന്റ് കമ്മീഷനായി പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു.
1,55000 രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ല് മാറുന്ന സമയത്താണ് കരാറുകാരന് മണികണ്ഠനോട് 30, 000 രൂപ ആവശ്യപ്പെട്ടത്. പഞ്ചായത്തില്‍ നിന്നും ചെക്ക് നല്കിയ ശേഷം കരാറുകാരന് മണികണ്ഠനെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ടി. ജലീല്‍ ആണ് വിളിക്കുന്നത്. പിന്നീട് ഫോണ്‍ കൈമാറി പ്രസിഡന്റാണ് പണം
ആവശ്യപ്പെടുന്നത്. പണം കിട്ടാന്‍ കാലതാമസം നേരിട്ടപ്പോള്‍ പ്രസിഡന്റ് എന്‍.ജനാര്ദ്ധനന് കരാറുകാരന് മണികണ്ഠനെ നേരിട്ട് വിളിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ തുക നല്കാന് കഴിയില്ലെന്ന് കരാറുകാരന് പറയുന്നുണ്ട്. ഇനി പഞ്ചായത്തിലെ കരാര്‍ തനിക്ക് വേണ്ടെന്നും കരാറുകാരന് പ്രസിഡന്റിനെ അറിയിക്കുന്നുണ്ട്.സംഭവം വിവാദമായതോടെ പ്രസിഡന്റിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് എന്‍.ജനാര്ദ്ധനന് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തികളും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: