ഇടുക്കി: തങ്കമണി പോലീസ് ഔട്ട് പോസ്റ്റിലെ എഎസ്ഐ തൊടുപുഴ കരിമണ്ണൂര്‍ പുത്തന്‍പുരയ്ക്കല്‍ പൗലോസിന്റെ തിരോധാനത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല. ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താഞ്ഞതിനെത്തുടര്ന്നാണ് പൗലോസിന്റെ ഭാര്യ എല്‍സി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. പിന്നീട് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ മധുബാബുവാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. 2011 ജനുവരി ഒന്നിനാണ് പൗലോസിനെ കാണാതായന്നത്. തങ്കമണിയില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം തറവാട് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൗലോസിനെ തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചതായി സുജിത്ത് എന്ന ഓട്ടോഡ്രൈവര്‍ നല്കിയ മൊഴി മാത്രമാണ് ലോക്കല്‍ പോലീസിന് ലഭിച്ചത്. പിന്നീട് ഇടുക്കി ക്രൈംഡിറ്റാച്ച്മെന്റ് വിഭാഗം കേസ് അന്വേഷിച്ചു. കേസിന് പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തൊടുപുഴയിലെത്തി പൗലോസിനെ മൂവാറ്റുപുഴയ്ക്ക് എത്തിച്ച ഓട്ടോഡ്രൈവറില്‍ നിന്നും പൗലോസിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തതൊഴിച്ചാല്‍ കേസ് സംബന്ധിച്ച് ഒരു വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: