പത്തനംതിട്ട: ജില്ലയിലെ ഏക വനവിജ്ഞാന വ്യാപന കേന്ദ്രം നാലു വര്‍ഷമായി പ്രവര്‍ത്തന രഹിതം. കോന്നി എലിയറയ്ക്കല്‍ ജങ്ഷന് സമീപം ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ആസ്ഥാന വളപ്പിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
സാമൂഹിക വനവല്‍ക്കരണത്തെ കുറിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനാണ് ഇത് ആരംഭിച്ചത്. 1992 ലാണ് വനം വകുപ്പ് ഇവിടുത്തെ എസിഎഫ് കാര്യാലയത്തിനു സമീപം ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രിക്ക് ഏറെ സഹായകരമാകുന്ന വനവിജ്ഞാന കേന്ദ്രം ആരംഭിച്ചത്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ലക്ഷ്യങ്ങളായ നാട്ടിന് പുറങ്ങളില്‍ മരം വച്ചു പിടിപ്പിക്കുക, വനത്തേയും വന്യ ജീവികളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും അവബോധം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. ഫണ്ടില്ല എന്ന കാരണത്താലാണ് അധികൃതര്‍ കേന്ദ്രത്തെ അവഗണിക്കുന്നത്.
വന സംരക്ഷണത്തെ കുറിച്ച് അവബോധം നല്കാന് സ്കൂള്‍ കോളജുകളില്‍ ഇതു സംബന്ധിച്ചുള്ള സെമിനാറുകള്‍, ക്ലാസുകള്‍, ക്വിസ് മല്‍സരങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തേണ്ടതുണ്ടെങ്കിലും വര്‍ഷങ്ങളായി ഇതൊന്നും നടക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ ഉപയോഗ ശൂന്യമായ കുളങ്ങളുടെ പുനരുദ്ധാരണം, തോടുകളുടെയും, നീര്‍ച്ചാലുകളുടെയും സംരക്ഷണം എന്നിവയും ലക്ഷ്യത്തില്‍പ്പെടുന്നു.
വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കാവ് സംരക്ഷണം. പട്ടയ ഭൂമിയിലടക്കം നാട്ടിന് പുറങ്ങളിലും വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക, ഔഷധസസ്യങ്ങളെ കുറിച്ചുള്ള നാട്ടറിവും, കാട്ടറിവും നല്‍കുക, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അറിവ് നല്‍കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈകേന്ദ്രത്തിലൂടെ നടത്തേണ്ടത്. വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ എത്തിക്കുന്ന വൃക്ഷത്തൈകളുടെ സംരക്ഷണം അവര്‍ തന്നെ ഏറ്റെടുക്കുന്നത് ഏറെ ഗുണകരമായിരുന്നു.
പിഎസ്സി, ഐഎഫ്എസ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായ റഫറന്‍സ് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ട ഇവിടുത്തെ ലൈബ്രറിയില്‍ അവ ഒന്നും തന്നെ ഇല്ല. ദേശീയ, അന്തര്‍ദേശീയ ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ തുടക്കത്തില്‍ അനുവദിച്ച ഫിലിം പ്രൊജക്ടര്‍, മൈക്കുകള്‍ തുടങ്ങിയവ ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നാട്ടിന് പുറങ്ങളില്‍ നടക്കുന്ന ഫെസ്റ്റുകളില്‍ പ്രത്യേകം സ്റ്റാള്‍ തയാറാക്കി വന്യജീവി ചിത്രങ്ങളുടെയും, സ്റ്റഫ് രൂപങ്ങളുടെയും പ്രദര്‍ശനങ്ങള്‍ നടത്തുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.
വിജ്ഞാന കേന്ദ്രത്തിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നടത്താനുണ്ട്. വനപാലനത്തിനും പ്രകൃതിസംരക്ഷണത്തിനും മുതല്‍ കൂട്ടാകേണ്ട വനവിജ്ഞാന കേന്ദ്രം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രകൃതി സ്നേഹികളുടെയും, വിദ്യാര്‍ഥികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: