കോഴിക്കോട്: സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് നടപ്പാക്കിയ രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയിലൂടെ വീട് ലഭിച്ചവര്‍ക്ക് മുമ്പ് ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് നല്‍കിയ അലോട്ട്‌മെന്റ് റദ്ദാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഒരിക്കല്‍ സഹായം ലഭിച്ചവര്‍ വീണ്ടും വീട് കരസ്ഥമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2002-ല്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് കായണ്ണ കോളനിയില്‍ രതീഷിന് അനുവദിച്ച വീടിന്റെ വായ്‌പബാധ്യത എഴുതി തള്ളിയ സര്‍ക്കാര്‍ ഉത്തരവ് എത്രയും വേഗം ലഭ്യമാക്കി ആധാരം രതീഷിന് തിരികെ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഭവനനിര്‍മ്മാണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കായണ്ണ ഹൗസിംഗ് കോളനിയില്‍ രതീഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2002 ജൂലൈ 26 നാണ് കോളനിയിലെ 39-ാം നമ്പര്‍ വീട് രതീഷ് വാങ്ങിയത്. എന്നാല്‍ ഇതുവരെയും ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ല.
കമ്മീഷന്‍ ഭവനനിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. വീട് നല്‍കുന്നതിനുള്ള ഗുണഭോക്താക്കളെ അതത് പഞ്ചായത്തുകളാണ് തെരെഞ്ഞെടുക്കുന്നത്. എന്നാല്‍ ഗുണഭോക്താക്കളില്‍ പലരും വീട് സ്വീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെ അലോട്ട് ചെയ്യാത്ത മൂന്നു വീടുകള്‍ പരാതിക്കാരനായ രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കി. ആദ്യം അലോട്ട് ചെയ്ത 47 പേരുടെ വായ്‌പ സര്‍ക്കാര്‍ എഴുതിതള്ളി. എന്നാല്‍ 2002 ല്‍ വീട് അനുവദിച്ച രതീഷിന്റെ വായ്‌പ എഴുതി തള്ളിയില്ല. രതീഷിന്റെ വായ്‌പ എഴുതി തള്ളാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായ്‌പ എഴുതി തള്ളിയവര്‍ക്ക് ആധാരം തിരികെ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം അലോട്ട് ചെയ്തവരല്ല വീടുകളില്‍ താമസിക്കുന്നത് എന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പലരും വീടുകള്‍ അനധികൃതമായി കൈമാറ്റം ചെയ്തു. അര്‍ഹരായ ഉപഭോക്താക്കളെ കണ്ടെത്തി നല്‍കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് നല്‍കിയ 12 പേരുടെ പട്ടികയിലുള്ളവര്‍ക്ക് ആധാരം തിരികെ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
















